esi
സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ബൈക്ക് റാലി

നെന്മാറ: പറമ്പിക്കുളം കുടുവാ സംരക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള കൂടുതൽ പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലയിലുള്ളവർ കടുത്ത ആശങ്കയിൽ. വന്യജീവി സങ്കേതത്തിന്റെ പത്തുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിജ്ഞാപനം നടപ്പാകുന്നതോടെ ഈ പ്രദേശങ്ങളിലെ സ്വകാര്യ, പൊതുഭൂമിയുടെ ഉപയോഗിക്കുന്നതിനും തരംമാറ്റുന്നതിനും വാണിജ്യാവശ്യങ്ങൾക്കായി പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. സ്വന്തം ഭൂമിയിലെ വീട് നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുമെങ്കിലും സ്വന്തം സ്ഥലത്തെ മരംമുറിച്ചു നീക്കുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ട അവസ്ഥയുണ്ടാകും.

മണൽ ഖനനം, പാറമടകൾ, മലീനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങൾ, ഇഷ്ടിക കളങ്ങൾ, മലിനജലം പുഴകളിലേക്ക് ഒഴുക്കുന്നതിനും പുതിയ റിസോർട്ടുകളും ഹോം സ്‌റ്റേകളും തുടങ്ങുന്നതിനും വിലക്കുണ്ട്. പരിസ്ഥിതി സൗഹാർദ്ദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഹോം സ്‌റ്റേകൾ തുടങ്ങുന്നതിനും മലിനീകരണമില്ലാത്ത ചെറുകിട കുടിൽ വ്യവസായങ്ങൾ തുടങ്ങാനും നിയന്ത്രണ വിധേയമായി അനുമതി ലഭിക്കും. ആദിവാസികളുടെ ഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ വനാവകാശ നിയമത്തിന്റെ ഉൾപ്പെടെ അടിസ്ഥാനത്തിൽ മുൻകൂർ അനുമതി വാങ്ങണമെന്നും കരടുവിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതോടെ കുടിയിറക്ക് ഭീഷണിയിലാണ് ഈ പ്രദേശത്തെ ജനങ്ങൾ. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.


 വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ

നെല്ലിയാമ്പതി, കൊല്ലങ്കോട്, ആലത്തൂർ വനം റെയിഞ്ചുകളിലായി 1174 കുടുംബങ്ങളിലെ 4332 പേരാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ കഴിയുന്നത്. നെല്ലിയാമ്പതി വനംറേഞ്ചിൽ ഉൾപ്പെടുന്ന കൽച്ചാടി, കരിമ്പാറ, ചെട്ടിക്കുളമ്പ്, മരുതഞ്ചേരി, ആലമ്പള്ളം, ചെവ്വുണി, നിരങ്ങൻപാറ, പുവച്ചുവട്, അടിപ്പെരണ്ട, പൂഞ്ചേരി, ഓവുപാറ, മടക്കൊളമ്പ്, തെങ്ങുംപാടം, ഒലിപ്പാറ, പൈതല, എന്നിവിടങ്ങളിലായി 700 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

ആലത്തൂർ റേഞ്ചിലെ മംഗളഗിരി, പൊൻകണ്ടം, പൂതൻകോട്, വെറ്റിലത്തോട്, കടമാൻപുഴ, കടപ്പാറ, തളികകല്ല്, എന്നിവിടങ്ങളിലായി 264 കുടുംബങ്ങളും കൊല്ലങ്കോട് റേഞ്ചിലെ അല്ലിമൂപ്പൻ കോളനി, 30 ഏക്കർ കോളനി, കച്ചിത്തോട് കോളനി എന്നിവിടങ്ങളിലായി 147 കുടുംബങ്ങളുമാണ് കരട് പട്ടികയിലുൾപ്പെട്ട പ്രദേശളിലാണുള്ളത്. ഇതുകൂടാതെ 12,000 ഹെക്ടർ നെൽകൃഷിയും 50,000 ഹെക്ടർ റബ്ബർ കൃഷിയും നിരവധി ആരാധനാലയങ്ങളും, സർക്കാർ സ്ഥാപനങ്ങളും ഇവിടെങ്ങളിലുണ്ട്.


 സമരം ശക്തമാക്കും
കരട് വിജ്ഞാപനത്തിൽ ഇളവ് ലഭിക്കാനായി പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായമറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജനവാസ മേഖലകളെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധ സമരങ്ങൾ തുടരുകയാണ്. കഴിഞ്ഞദിവസം ഭൂ സംരക്ഷണ സമിതിയുടെയും കർഷക സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. നെല്ലിയാമ്പതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെന്മാറ വനം ഡിവിഷൻ ഓഫീസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ചെയ്യുമെന്ന് ഭൂ സംരക്ഷണ സമിതി ചെയർമാൻ കെ.ജി.എൽദോ പറഞ്ഞു.