iffk

പാലക്കാട്: 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ പാലക്കാട് ജില്ലയിൽ നടക്കും. നഗരത്തിലെ പ്രിയദർശനി, പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുർഗ എന്നീ അഞ്ചു തിയേറ്ററുകളിലാണ് പ്രദർശനം നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരുദിവസം ഓരോ തിയേറ്ററുകളിലും നാല് സിനിമകളാണ് പ്രദർശിപ്പിക്കുക. ഫെബ്രുവരി 27, 28, മാർച്ച് ഒന്ന് തിയതികളിലായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കൊവിഡ് ടെസ്റ്റ് നടത്തും. പ്രദർശന സ്റ്റാളിൽ ഒന്നായ പ്രിയദർശിനി തിയേറ്റർ പരിസരത്ത് കൊവിഡ് പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാവുന്നവർക്കാണ് ഡെലിഗേറ്റ്‌സ് പാസ് അനുവദിക്കുക.

തിയേറ്ററുകളിൽ 50 ശതമാനം സീറ്റുകൾ സജ്ജീകരിക്കും. പ്രദർശനത്തിന് പാസ് ലഭിച്ചവർ തിയേറ്ററിൽ എത്തുന്നതിനു മുമ്പ് തന്നെ ഫോൺ മുഖേന ഐ.എഫ്.എഫ്.കെ ആപ്പ് വഴി റിസർവേഷൻ ഉറപ്പാക്കേണ്ടതാണ്. പ്രദർശന നഗരിയിൽ പ്രിയദർശിനി തിയേറ്റർ പരിസരത്ത് ഐ.എഫ്.എഫ്.കെയുടെ 25 വർഷത്തെ യാത്രാവിവരണം ഉൾപ്പെടുത്തിയുള്ള എക്‌സിബിഷൻ സജ്ജമാക്കും. അതോടൊപ്പം ചലച്ചിത്ര അക്കാദമി, മലയാള മിഷൻ എന്നിവയുടെ രണ്ട് ഉപഹാര ശാലകളുമുണ്ടാകും. ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആനുകാലിക പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ, സന്ദർശകർക്ക് വിലകൊടുത്ത് വാങ്ങാവുന്ന വിവിധ ഉത്പന്നങ്ങൾ എന്നിവ ഉപഹാര ശാലകളിൽ ലഭിക്കും. കൂടാതെ സംവിധായകരുമായി ചേർന്ന് ഓപ്പൺ ഫോറം, മീറ്റ് ദി പ്രസ് എന്നിവ സംഘടിപ്പിക്കും. മീഡിയ സെല്ലും സജ്ജമാക്കും.

പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന മീഡിയ ഉപസമിതി യോഗത്തിൽ മീഡിയ ഉപദേശകസമിതി ജനറൽ കൺവീനർ ടി.ആർ അജയൻ, ജി.പി രാമചന്ദ്രൻ, മധു ജനാർദ്ദനൻ, മീഡിയ ഉപസമിതി കൺവീനർമാരായ ഷജിൽ കുമാർ, പ്രിയാ കെ.ഉണ്ണികൃഷ്ണൻ, മീഡിയ ഉപസമിതി അംഗം അബ്ദുൾ ലത്തീഫ് നാഹ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു

100 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അഞ്ച് ദിവസങ്ങളിലായി 46 രാജ്യങ്ങളിലെ 74 സംവിധായകരുടെ 100 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 1500 പോർക്കാണ് ഡെലിഗേറ്റ്‌സ് പാസ് അനുവദിക്കുക.