k

പാലക്കാട്: ജില്ലയിൽ നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസിന് ഇനിയും അനുമതി നൽകാത്തതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാറുമായി ഇതുസംബന്ധിച്ച് പലവട്ടം ചർച്ച നടത്തിയെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ഉദ്യോഗസ്ഥർക്കായി കെ.എസ്.ആർ.ടി.സിയുടെ മൂന്ന് ബോണ്ട് സർവീസ് മാത്രമാണ് കോയമ്പത്തൂരിലേക്കുള്ളത്. മറ്റു യാത്രക്കാർ വാളയാറെത്തി ചാവടിയിൽ നിന്ന് തമിഴ്നാട് ബസിൽ കയറി വേണം കോയമ്പത്തൂരിലേക്ക് പോകാൻ. ഇത് ഏറെ സമയനഷ്ടത്തിനും അമിത ചെലവിനും ഇടയാക്കുന്നു.

കെ.എസ്.ആർ.ടി.സി ബസിന് ചാവടിയിലെത്തി യാത്രക്കാരെ എടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. സ്വകാര്യ ബസുകൾക്ക് വാളയാർ വരെ സർവീസ് നടത്താനാണ് അനുമതി. പലപ്പോഴും സ്വകാര്യബസുകളും ചാവടിയിലെത്തി യാത്രക്കാരെ എടുക്കുന്നത് കെ.എസ്.ആർ.ടി.സി ജീവനക്കാരുമായി സംഘർഷത്തിന് ഇടയാക്കുന്നു. കഴിഞ്ഞ ദിവസം ചാവടിയിലെത്തി യാത്രക്കാരെ ഇറക്കിയ സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സിയെ മറികടക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെട്ട് വൃദ്ധൻ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.

ഇത്തരത്തിൽ ഇരുസംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യാൻ അന്തർ സംസ്ഥാന ബസ് സർവീസിന് അനുമതി നൽകാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അതേസമയം കോയമ്പത്തൂരിലേക്കും തിരിച്ചും ചാവടിയിൽ ബസ് മാറിക്കയറി യാത്ര ചെയ്യാമെന്നിരിക്കെ നിലവിലെ യാത്രാ വിലക്കുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

പലതവണ തമിഴ്നാട് സർക്കാറിന് കത്ത് നൽകിയിട്ടും വിലക്ക് പിൻവലിച്ചില്ല. കേരളത്തിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ അനുമതി നൽകാത്തത്. തമിഴ്നാട് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കേ സർവീസ് ആരംഭിക്കൂ.

-ടി.എ.ഉബൈദ്, എ.ടി.ഒ, പാലക്കാട്.