
സമൃദ്ധ സുന്ദര കേരളത്തിൽ മുഴങ്ങിക്കേട്ട വനരോദനത്തിന് മൂന്നാണ്ട്. മോഷ്ടാവെന്ന് മുദ്രകുത്തി വനത്തിലെ പാറമടയിൽ നിന്നും നമ്മളവനെ പിടിച്ചുകെട്ടി കൊണ്ടുവന്നു. ആൾക്കൂട്ടം നോക്കിനിൽക്കെ നടുറോഡിൽ വിചാരണ ചെയ്തു. പേരിന് പോലുമൊരു എതിർശബ്ദം ഉയരാത്തതിനാലാവാം അവനെ വളഞ്ഞിട്ട് തല്ലിക്കൊന്നു. അവന്റെ പേരാണ് മധു, ഊര് അട്ടപ്പാടിയിലെ ചിണ്ടക്കി. മധുവിന്റേതൊരു ഒറ്റപ്പെട്ട നിലവിളിയല്ല, എത്ര ആട്ടിയിട്ടും ഇറങ്ങിപ്പോവാതെ ഒട്ടിയവയറുമായി ഇപ്പോഴും കേരളീയ സവർണബോധത്തിന്റെ മുറ്റത്ത് അർദ്ധനഗ്നനായി കൈകെട്ടി നിന്ന് അവൻ നിലവിളിക്കുന്നുണ്ട്. മധുവിന്റെ ആൾക്കൂട്ട കൊലയ്ക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നുവർഷം തികഞ്ഞത്. ആ യുവാവിന്റെ കുടുംബത്തിന് ലഭിക്കേണ്ട സ്വാഭാവികനീതി ഇപ്പോഴും ഏറെ അകലെയാണ്. കേസിന്റെ വിചാരണപോലും ആരംഭിക്കാനായിട്ടില്ലെന്നതാണ് ക്രൂരയാഥാർത്ഥ്യം.
കേരളം തലതാഴ്ത്തിയ നാളുകൾ
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളിൽനിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നു. ലോകത്തിന് മുന്നിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളം തലതാഴ്ത്തിനിന്ന നിമിഷങ്ങളായിരുന്നു അത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതികരിച്ചിരുന്നു. വലിയ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിൽ കേസിലുൾപ്പെട്ട 16 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. 2018 മേയ് മാസത്തിൽ പൊലീസ് 16 പേരെ പ്രതിചേർത്തുകൊണ്ടുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടി പോലും ഇതുവരെ പൂർത്തിയായിട്ടില്ല. കേസ് പരിഗണിക്കുന്ന മണ്ണാർക്കാട് എസ്.സി - എസ്.ടി പ്രത്യേക കോടതിയിൽ ഏറെക്കാലം സ്ഥിരം ജഡ്‌ജി ഇല്ലാതിരുന്നതും നടപടികൾ വൈകാൻ ഇടയാക്കിയിരുന്നു. പൊലീസ് ശേഖരിച്ച തെളിവുകൾ ഡിജിറ്റൽ രൂപത്തിൽ വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതും വിചാരണ നീണ്ടുപോകാൻ കാരണമായി. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകണമെങ്കിൽ കോടതി ഉത്തരവ് നൽകണം. അടുത്തമാസം ഇതുസംബന്ധിച്ച് ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒപ്പം വിചാരണ നടപടികൾക്കുള്ള തീയതിയും നിശ്ചയിക്കും. നിലവിൽ പ്രതികളെല്ലാം ജാമ്യത്തിലാണ്.
11640 പേജുള്ള കുറ്റപത്രം
കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസം 11,640 പേജുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡിവൈ.എസ്.പി മണ്ണാർക്കാട് എസ്.സി - എസ്.ടി പ്രത്യേക കോടതിയിൽ സമർപ്പിച്ചു. മധുവിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികളുടെ എട്ട് മൊബൈൽ ഫോണുകളും മുക്കാലി ജംഗ്ഷനിലെ മൂന്ന് സി.സി ടിവി ക്യാമറകളും പ്രതികൾ സഞ്ചരിച്ച അഞ്ച് വാഹനങ്ങളും 165 പേരുടെ മൊഴിയും ഉൾപ്പെടുന്നതാണ് കുറ്റപത്രം.
വിചാരണ തുടങ്ങും മുമ്പ് പ്രോസിക്യൂട്ടറെ മാറ്റി
കൊലപാതകം നടന്ന് മൂന്ന് വർഷമായിട്ടും കേസിന്റെ വിചാരണ ആരംഭിക്കാത്തതിന്റെ പ്രധാന കാരണം സർക്കാരിന്റെ അനാസ്ഥയാണ്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നീക്കം സർക്കാർ മരവിപ്പിച്ചതും മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതിയിലെ ജഡ്‌ജി നിയമനം വൈകിയതും കേസ് നടപടികളെ ബാധിച്ചെന്നാണ് വിലയിരുത്തൽ.
കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം പ്രതിഫലത്തിന്റെ പേരിലാണ് സർക്കാർ റദ്ദാക്കിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന പി.ഗോപിനാഥ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായിരുന്നില്ല.
കേസിൽ പ്രോസിക്യൂട്ടറായി സേവനമുഷ്‌ഠിക്കാനുള്ള സമ്മതപത്രം ഗോപിനാഥ് ഒപ്പിട്ടു നൽകിയിരുന്നെങ്കിലും ഫീസിന്റെ കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. കൂടാതെ കേസ് നടത്തിപ്പ് സംബന്ധിച്ച് കൂടുതൽ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അനുകൂല മറുപടി സർക്കാരിൽ നിന്ന് കിട്ടിയിരുന്നില്ല. കേസ് നടക്കുന്ന മണ്ണാർക്കാട് കോടതിക്ക് സമീപം പ്രത്യേകം ഓഫീസ്, ഡിവൈ.എസ്.പി റാങ്കിലുള്ള ഒരുദ്യോഗസ്ഥന്റെ സഹായവുമാണ് ഗോപിനാഥ് ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, നിയമനം റദ്ദാക്കിയെന്ന മറുപടി മാത്രമാണ് പിന്നീട് അദ്ദേഹത്തിന് ലഭിച്ചത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ മാറ്റിയത്. ഇതോടെ വിചാരണ വൈകുകയായിരുന്നു. വൻ തുക പ്രതിഫലം നൽകി സർക്കാർ കേസുകളിൽ വിദഗ്ദ്ധ അഭിഭാഷകരെ കൊണ്ടുവരുമ്പോഴാണ് ആൾക്കൂട്ട കൊലപാതകത്തിന്റെ ഇരയായ ആദിവാസി യുവാവ് മധുവിന്റെ കേസിൽ പ്രതിഫലത്തിന്റെ പേരിൽ സർക്കാർ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയത് എന്നത് ശ്രദ്ധേയം.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്
മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിച്ചെന്നാണ് കുടുംബത്തിന്റെയും അട്ടപ്പാടി ആക്ഷൻ കൗൺസിലിന്റെയും ആരോപണം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെയാണ് മധുവിനെ പിടികൂടാൻ ആൾക്കൂട്ടം കിലോമീറ്ററുകൾ വനത്തിനുള്ളിലേക്ക് പോയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇവരെങ്ങനെ വനത്തിനുള്ളിലേക്ക് പോയതെന്നാണ് പ്രധാന ചോദ്യം. മധുവിനെ പിടിച്ചുകൊണ്ടുവരുമ്പോഴും മർദ്ദിക്കുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ ദൃക്‌സാക്ഷികളായിരുന്നു. അവരാരും മധുവിനെ മർദ്ദിക്കുന്നത് തടഞ്ഞില്ല. മുക്കാലിയിലെ വനംവകുപ്പിന്റെ ചെക്‌പോസ്റ്റ് കടന്നാണ് ആൾക്കൂട്ടം മധുവിനെ പുറത്തേക്ക് കൊണ്ടുവന്ന് കെട്ടിയിട്ട് തല്ലിയത്. ഇതെല്ലാം ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചു. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് വനംവകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങിയത്. പക്ഷേ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് യാതൊരു തെളിവുമില്ലെന്നാണ് നിലവിൽ വനംവകുപ്പിന്റെ ന്യായം.
കുടുംബത്തിന് നൽകിയ ഉറപ്പ് പാഴായി
ചിണ്ടക്കി സെക്കൻഡ് സൈറ്റിനുസമീപത്തെ പഴയ ഊരിലാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും താമസിക്കുന്നത്. ഇരുവരും അംഗൻവാടി ജീവനക്കാരാണ്. മറ്റൊരു സഹോദരി ചന്ദ്രിക അഗളി പൊലീസ് സ്റ്റേഷനിൽ വനിതാ സിവിൽ പൊലീസ് ഓഫീസറാണ്. ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുത്തശേഷമാണ് സഹോദരന്റെ ചേതനയറ്റ ശരീരം കാണാൻ ചന്ദ്രിക ഓടിയെത്തിയത്. ചന്ദ്രികയുടെ ആ വരവ് ഒരിക്കലും മായ്ക്കാനാവാത്ത നീറുന്ന ഓർമ്മയായി എന്നും കേരളത്തിന്റെ മനസിൽ അവശേഷിക്കും. മധു മരിച്ച സമയത്ത് മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ നേതാക്കളും കുടുംബത്തിന് പല ഉറപ്പും നൽകിയിരുന്നു. ഇതിൽ പലതും ഇപ്പോഴും വാഗ്ദാനമായി തന്നെ അവശേഷിക്കുകയാണ്. ചന്ദ്രിക സ്വന്തം അദ്ധ്വാനംകൊണ്ട് പഠിച്ച് വാങ്ങിയ കാക്കി യൂണിഫോം മാത്രമാണ് ഏക ആശ്വാസം.