
ഐക്യസന്ദേശം നൽകി എൽ.ഡി.എഫ്
മണ്ണാർക്കാട്: കഴിഞ്ഞകാല വാക്കുതർക്കമൊന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ മുന്നണി പ്രവർത്തനത്തെ ബാധിക്കില്ലെന്ന സന്ദേശം നൽകി പി.കെ.ശശി എം.എൽ.എ യും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജും വേദി പങ്കിട്ടതിന്റെ ആവേശത്തിൽ ഇടതുമുന്നണി പ്രവർത്തകർ.
കഴിഞ്ഞ ദിവസം എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിലാണ് ഇരുനേതാക്കളും ഒപ്പമിരുന്ന് സൗഹൃദ സംഭാഷണം നടത്തിയത്. ജാഥാ ക്യാപ്‌റ്റൻ എ.വിജയരാഘവൻ സംസാരിക്കുമ്പോൾ മുൻനിരയിൽ സ്ഥാനമുറപ്പിച്ച ഇരുവരും ഒരേനിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയതും കൗതുകമായി. വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്ന പ്രസ്താവനയുമായി ശശിയും സുരേഷ് രാജും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
നേതാക്കൾ നൽകുന്നത് ഐക്യസന്ദേശമാണെന്നും ഇതോടെ മണ്ഡലത്തിലെ സി.പി.എം-സി.പി.ഐ പ്രവർത്തകർ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ട് മണ്ഡലം തിരിച്ചുപിടിക്കുമെന്നുമാണ് പ്രവർത്തകർ പറയുന്നത്. നേതാക്കൾ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലും വൈറലായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സി.പി.എമ്മും സി.പി.ഐ.യും നേർക്കുനേർ കൊമ്പുകോർത്തത് ഇടതുക്യാമ്പിന് വലിയ ക്ഷീണം വരുത്തി വച്ചിരുന്നു. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും അന്ന് പ്രശ്നപരിഹാരമുണ്ടായിരുന്നില്ല.
ഷംസുദ്ദീനെങ്കിൽ ഒക്കെ...
അല്ലെങ്കിൽ ലീഗ് സ്ഥാനാർത്ഥി മണ്ഡലത്തിൽ നിന്നെന്ന് പ്രാദേശിക നേതൃത്വം
യു.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.ഷംസുദീന് ആദ്യ പരിഗണന നൽകി ലീഗ് മണ്ഡലം നേതൃയോഗം. ഷംസുദ്ദീൻ മാറുന്ന സാഹചര്യം വന്നാൽ ഇറക്കുമതി വേണ്ടെന്നും മണ്ഡലത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്നും ആവശ്യമുയർന്നു.
ആരെ സ്ഥാനാർത്ഥിയാക്കണം എന്നതിൽ ചർച്ച നടന്നിട്ടില്ല. ഷംസുദീൻ മാറുന്ന സാഹചര്യം വന്നാൽ ചർച്ച ചെയ്യാമെന്നാണ് ധാരണ. മണ്ണാർക്കാട്ട് നിന്നുള്ള ഒരാളെ പരിഗണിക്കണമെന്നാണ് ചർച്ചയുടെ തുടക്കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ സീറ്റ് നിലനിറുത്താൻ ഏറ്റവും അനുയോജ്യൻ ഷംസുദ്ദീൻ തന്നെയാണെന്ന അഭിപ്രായം പിന്നീട് ഉരുത്തിരിഞ്ഞു.