
39 ഡിഗ്രിയിൽ ചുട്ടുപൊള്ളി പാലക്കാട്
പാലക്കാട്: മാർച്ച് ആരംഭിക്കാൻ ദിവസങ്ങളിനിയും ബാക്കി നിൽക്കെ ജില്ലയിൽ ചൂട് കനക്കുന്നു. കഴിഞ്ഞ രണ്ടുദിവസം ജില്ലയിലെ താപനില 39 ഡിഗ്രിയായിരുന്നു. ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നതിനാൽ വേനൽക്കാല രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുമേറെയാണ്. ഇതോടെ വഴിയോര തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.
നിലവിൽ നഗരസഭ പരിധിയിലുള്ള ഹോട്ടലുകളിൽ അതത് ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. രാവിലെയുള്ള പരിശോധനകൾക്ക് പുറമെ മിന്നൽ പരിശോധനയുമുണ്ട്. ഹോട്ടലുകളിൽ നൽകുന്ന വെള്ളം, ഭക്ഷണം എന്നിവ കൂടാതെ അടുക്കളയും അധികൃതർ പരിശോധിക്കും.
മാർച്ച് ആദ്യം മുതൽ നഗരത്തിലെ വഴിയോര തട്ടുകടകളിലും പാനീയം വില്ക്കുന്ന കടകളിലും പരിശോധന കർശനമാക്കും. തട്ടുകടകളിൽ ഉപയോഗിക്കുന്ന എണ്ണ, മാംസം ഉൾപ്പെടെയുള്ള പഴകീയതാണോ, പാനീയങ്ങൾക്കായി ഉപയോഗിക്കുന്നത് ശുദ്ധജലമാണോ, രുചികൂട്ടാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഭക്ഷ്യസുരക്ഷ ലൈസൻസ്, രജിസ്‌ട്രേഷൻ ഓൺലൈൻ വഴിയും
എഫ്.എസ്.എസ്.എ.ഐ യുടെ പുതിയ ഓൺലൈൻ സൈറ്റ് വഴി ഭക്ഷ്യസുരക്ഷ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും അവസരമുണ്ട്. http//foscos.fssai.gov.in ലൂടെ നേരിട്ടോ കോമൺ സർവീസ് സെന്ററുകൾ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഭക്ഷ്യസംരംഭകർക്കും വിതരണ വില്പന രംഗത്ത് പ്രവർത്തിക്കുന്നവർക്കും ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ നേടാവുന്നതാണ്. പ്രതിവർഷം 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്കും പ്രതിദിന ഉല്പാദനക്ഷമത 100 കിലോഗ്രാമിൽ താഴെ മാത്രമുള്ള ഭക്ഷ്യ ഉല്പാദകർക്കും രജിസ്‌ട്രേഷൻ എടുത്താൽ മതി. ഒരു വർഷത്തേക്ക് 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. തട്ടുകടകൾ, വഴിയോര കച്ചവടക്കാർ, വീടുകളിൽ നിന്നും ഭക്ഷ്യഉല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തുന്നവർ എന്നിവരും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷൻ എടുക്കണമെന്നാണ് ജില്ലാ ഭക്ഷ്യസുരക്ഷ അസി.കമ്മിഷണറുടെ നിർദ്ദേശം.
നഗരപരിധിയിലെ തട്ടുകട ഉടമകളിൽ നഗരസഭ നൽകുന്ന ഐ.ഡി കാർഡ് ഇല്ലാത്തവർക്ക് തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകരുതെന്നാണ് പുതിയ നിർദ്ദേശം. മാർച്ച് മുതലുള്ള പരിശോധന ശക്തമാക്കും. ഹോട്ടലുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി ഈ വർഷം കഴിഞ്ഞദിവസം വരെ 12,250 രൂപയാണ് ആകെ പിഴ ഈടാക്കിയത്.
മണികണ്ണൻ, ഹെൽത്ത് സൂപ്പർവൈസർ, പാലക്കാട് നഗരസഭ
വേനൽക്കാലം ആരോഗ്യത്തിന് പ്രതികൂലമായ കാലാവസ്ഥയായതിനാൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള പല രോഗങ്ങളും പടരാൻ സാധ്യതയേറെയാണ്. വൃത്തിയില്ലാത്ത വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, വയറിളക്കം, അതിസാരം എന്നിവ പിടിപെടുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ കരുതൽ വേണം
ജില്ലാ ആരോഗ്യവകുപ്പ് ഒാഫീസ്, പാലക്കാട്.