
ഒറ്റപ്പാലം: പാലപ്പുറം ചിനക്കത്തൂർ പൂരം ഇന്ന് ആഘോഷിക്കും. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരാഘോഷം. പൂരത്തിന് മുന്നോടിയായുള്ള താലപ്പൊലി, കുമ്മാട്ടി ചടങ്ങുകൾ കാവിൽ ആചാരപരമായ ചടങ്ങുകളോടെ നടന്നു. കുതിരകളി, ആന എഴുന്നെള്ളിപ്പ്, കലാപരിപാടികൾ എന്നിങ്ങനെ പൂരാഘോഷത്തിന് കൊവിഡ് നിയന്ത്രണങ്ങൾ ബാധിച്ചത് തട്ടകദേശങ്ങളെയും പൂരപ്പൊലിമയെയും സാരമായി ബാധിച്ചു. ദേശക്കുതിരകൾ ഭഗവതിക്ക് മുന്നിൽ പൂരദിവസമായ ഇന്ന് തൊഴുത് മടങ്ങും.
ആവേശം നിറക്കുന്ന കുതിരകളി ഉണ്ടായിരിക്കില്ല. പകൽ പൂരത്തിന്റെ സമാപനമായി നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പും ഉണ്ടായിരിക്കില്ല. പ്രായമായവർക്ക് പൂര പറമ്പിലെത്തുന്നതിനും നിയന്ത്രണമുണ്ട്. ഓരോ ദേശത്തിനും ഓരോ ആനയെ വീതം എഴുന്നെള്ളിപ്പിക്കാം. ഏഴ് ദേശങ്ങൾ ചേർന്നാണ് ചിനക്കത്തൂർ പൂരം ആഘോഷിക്കുന്നത്. ഒറ്റപ്പാലം, പാലപ്പുറം, പല്ലാർമംഗലം, തെക്കുമംഗലം, വടക്കുമംഗലം, മീറ്റ്ന എന്നീ ദേശങ്ങളാണ് ചിനക്കത്തൂരിന്റെ തട്ടകദേശങ്ങൾ.
ഇന്ന് ഗതാഗത നിയന്ത്രണം
ചിനക്കത്തൂർ പൂരം പ്രമാണിച്ച് ഒറ്റപ്പാലത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ രാത്രി ഒമ്പതു വരെ ഗതാഗത നിയന്ത്രണം. പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മംഗലത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് മുരുക്കുംപറ്റ, വരോട്, കോതകുറിശ്ശി വഴി വാണിയംകുളത്തെത്തണം.
ഷൊർണൂർ, പട്ടാമ്പി ഭാഗത്തുനിന്ന് ഒറ്റപ്പാലം വഴി പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങൾ വാണിയംകുളത്തു നിന്ന് ഇടത്തോട്ടുതിരിഞ്ഞ് കോതകുറിശ്ശി, വരോട്, മുരുക്കുംപറ്റ വഴി മംഗലത്ത് പ്രവേശിക്കണം. മായന്നൂർ ഭാഗത്ത് നിന്നുള്ള ബസുകൾ മായന്നൂർ ടോൾ പ്ലാസ വരെ വന്ന് തിരികെ പോകണം. കിഴക്കു ഭാഗത്ത് നിന്നുള്ള പൂരം ലക്കിടി കൂട്ടുപാത കടന്നുപോകും വരെ ഈ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടില്ല. പൂരം കടന്നുപോകും വരെ ചുനങ്ങാട് റോഡിൽ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. പാലപ്പുറം തപാലോഫീസ് മുതൽ ലക്കിടി കൂട്ടുപാത വരെ പാർക്കിംഗ് അനുവദിക്കില്ല.