
ചിറ്റൂർ: വേനലിന്റെ തുടക്കത്തിൽ തന്നെ കിഴക്കൻ മേഖലയിൽ ചൂടിന്റെ കാഠിന്യം വർധിച്ചതോടെ പശുക്കളിൽ പാൽ ഉല്പാദനം ഗണ്യമായി കുറഞ്ഞു. ഇത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. 30 ശതമാനം വരെയാണ് ഉല്പാദനം കുറഞ്ഞിരിക്കുന്നത്. ദിനംപ്രതി നാലുലക്ഷം ലിറ്റർ വരെ പാൽ ഉല്പാദിപ്പിക്കുന്നുണ്ട്.
ഭൂരിഭാഗം പാലും ക്ഷീരസംഘത്തിലും ബാക്കിവരുന്നത് സ്വകാര്യ ചില്ലിംഗ് പ്ലാന്റിലും വരെ എത്തിക്കുകയാണ് പതിവ്. നിരവധി സ്വകാര്യ വേണ്ടർമാരും പാൽ വിതരണം ചെയ്യുന്ന മേഖല കൂടിയാണ് ചിറ്റൂർ. വായ്പ എടുത്ത് ആരംഭിച്ച നിരവധി ചെറുതും വലുതുമായ ഡയറി ഫാമുകളുമുണ്ട്. വൻകിടക്കാർ മുതൽ സാധാരണക്കാർ വരെ ഇപ്പോൾ ക്ഷീരമേഖലയെ ആശ്രയിക്കുന്നവരാണ്. ഉല്പാദനം കുറയുന്നതോടെ ഇവരും പ്രതിസന്ധിയിലാകും.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കൂടി ചൂട് കൂടിയാൽ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാകും. നിലവിൽ പാലിനു ലഭിക്കുന്ന വില ലിറ്ററിന് പരമാവധി 36 രൂപയാണ്. തമിഴ്നാട്ടിൽ നിന്നാണ് കർഷകർ പശുക്കളെ വാങ്ങുന്നത്. 15 ലിറ്റർ വരെ പാൽ ലഭിക്കുന്ന പശുവിന് 80,000 രൂപ വരെയാണ് വില. ഇതിനൊപ്പം കാലിത്തീറ്റയ്ക്കും വില കുതിച്ചുയരുന്നതാണ് കൂടുതൽ പ്രതിസന്ധി.
പാൽ വില വർധിപ്പിക്കണം
വൈക്കോൽ, തീറ്റപ്പുല്ല്, പച്ചപുല്ല് എന്നിവയ്ക്കും കടുത്ത ക്ഷാമമാണ്. കാലിത്തീറ്റ നൽകിയില്ലെങ്കിൽ ഉല്പാദനത്തിൽ വലിയ കുറവുണ്ടാകും. മിൽമ ഉൾപ്പെടെയുള്ള കമ്പനികളുടെ കാലിത്തീറ്റ ചാക്കൊന്നിന് 1200 രൂപയിൽ കൂടുതലാണ്. തമിഴ്നാട്ടിലെ സ്വകാര്യ കമ്പനികളുടെ ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ പോലും വൻവിലയാണ് കർഷകർ നൽകേണ്ടി വരുന്നത്. ഇത്തരം പ്രതിസന്ധികൾക്കിടെയാണ് ഗണ്യമായ ഉല്പാദന കുറവ് ക്ഷീരകർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പാൽ വില വർധനവ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്നതാണ് ക്ഷീരകർഷകരുടെ ആവശ്യം.