
പട്ടാമ്പി: അഴിമതി നടത്തിയത് പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മറവിരോഗം ബാധിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിജയയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസിൽ വരുന്നവരെക്കുറിച്ച് പിണറായിക്ക് ഓർമ്മയില്ല. ആഴക്കടൽ മത്സ്യബന്ധനത്തിന് വന്ന തട്ടിക്കൂട്ട് കമ്പനിയും കള്ളക്കടത്തുകാരും സ്വപ്നയും ഓഫീസിൽ കയറിയിറങ്ങിയത് മറന്നു. പ്രിൻസിപ്പൽ സെക്രട്ടറി കള്ളക്കടത്തിന് കൂട്ടുനിന്നതറിഞ്ഞില്ല. മറവിരോഗം ബാധിച്ച ഒരാളെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടതുണ്ടോ എന്ന് ജനം തീരുമാനിക്കും.
ഉമ്മൻചാണ്ടിയും പിണറായിയും വലിയ അഴിമതിക്കാരനാകാനുള്ള മത്സരത്തിലാണ്. അഴിമതി കണ്ടുമടുത്താണ് ഇ.ശ്രീധരനും ജേക്കബ് തോമസും അടക്കമുള്ളവർ ബി.ജെ.പി.യിൽ ചേർന്നത്.
റാങ്ക് പട്ടികയെല്ലാം റദ്ദാക്കി നേതാക്കന്മാരുടെ ഭാര്യമാർക്ക് പിൻവാതിലിലൂടെ ജോലി നൽകുന്ന പ്രസ്ഥാനമായി സി.പി.എം അധഃപതിച്ചെന്നും അദ്ദേഹം ആരോപിച്ചു.