thief

പാലക്കാട്: ജില്ലയിൽ മോഷണം പെരുകുന്നു. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ഈ വർഷം ഇതുവരെ 20ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണമാണ് അധികവും. കുഴൽമന്ദം മേഖലയിലാണ് കൂടുതൽ കേസുകളെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം കുഴൽമന്ദം പരിധിയിൽ ആറിടങ്ങളിലാണ് മോഷണംനടന്നത്. ചുങ്കമന്ദം, കുഴൽമന്ദം, അമ്പാട്, കണ്ണനൂർ, തേങ്കുറുശ്ശി എന്നിവിടങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞദിവസം കണ്ണനൂരിൽ ആറിടത്താണ് മോഷണം നടന്നത്. അഞ്ചിടങ്ങളിൽ നിന്ന് പണവും സാധനങ്ങളും നഷ്ടമായിട്ടുണ്ട്. തേങ്കുറുശ്ശി മണിയംകോട്, കല്ലേക്കാട് എന്നിവിടങ്ങളിലെ സ്റ്റുഡിയോകൾ, കണ്ണനൂരിലെ മൊബൈൽ കട, ഹാർഡ് വെയർ കട, ടൈൽസ് കട എന്നിവിടങ്ങളിലായിരുന്നു മോഷണം. എല്ലായിടത്തും ലിവർ ഉപയോഗിച്ച് പൂട്ടുകൾ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയിട്ടുള്ളത്. അഞ്ച് പേരടങ്ങുന്ന സംഘം കാറിലെത്തിയാണ് മോഷണം നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമം. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 പട്രോളിംഗ് ശക്തമാക്കി

മോഷണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നതോടൊപ്പം സ്ക്വാഡുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം മോഷണശ്രമങ്ങൾ കൂടുതലാണ്. മുമ്പ് മോഷണ കേസുകളിൽപ്പെട്ട് റിലീസായ പ്രതികൾ സംഘങ്ങളായാണ് ഈ മേഖലയിൽ കവർച്ച നടത്തുന്നത്.

കുഴൽമന്ദം പൊലീസ്.

 പൊതുജനം ശ്രദ്ധിക്കണം
 ദിവസങ്ങളോളം വീടുപൂട്ടി പുറത്തുപോകുമ്പോൾ പൊലീസിനെ അറിയിക്കുക.
 വീടിന് പരിസരത്ത് മാരകമായ ആയുധങ്ങൾ വയ്ക്കരുത്.
 രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് വാതിലും ജനലും അടച്ചെന്ന് ഉറപ്പുവരുത്തുക.
 വീടുകളിൽ പണം, സ്വർണം എന്നിവ സൂക്ഷിക്കാതിരിക്കുക.
 രാത്രിയിൽ പുറത്ത് ശബ്ദം കേട്ടാൽ പുറത്തിറങ്ങാതിരിക്കുക
 രാത്രിയിൽ എന്തെങ്കിലും അസ്വഭാവികത തോന്നിയാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.


 കേസുകളുടെ കണക്ക് വർഷം - കേസ് എന്നിങ്ങനെ
.2015- 99
.2016- 88
.2017- 94
.2018- 107
.2019- 71
.2020- 37
.2021 - 20