
പാലക്കാട്: വ്യാവസായിക മേഖലയിലെ കഴിഞ്ഞ അഞ്ചുവർഷത്തെ വളർച്ച സംബന്ധിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കപ്പെട്ടോയെന്നും വ്യക്തമാക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജൻഡയാണ് ലൗജിഹൗദിന് എതിരായ നിയമനിർമാണം. കേരളത്തിൽ ഇത്തരം കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണിതെന്നും അദ്ദേഹം പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി പാലക്കാട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വികസനം നടപ്പാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരാണിത്. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുമെന്നും വ്യാവസായിക വളർച്ച നേടുമെന്നും പറഞ്ഞ് കോടികൾ ചെലവാക്കി സമ്മേളനങ്ങൾ നടത്തിയിട്ടും ഒരു വ്യവസായി പോലും കേരളത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഐ.ടിമേഖലയും നിശ്ചലമായി. ടെക്‌നോപാർക്കിലെ ഭൂമി മറിച്ചുകൊടുക്കുവാനുള്ള ശ്രമമാണ് ഉണ്ടായത്. ഡൽഹിയിലേക്ക് ട്രാക്ടറുമായി ആളുകളെ വിട്ട പിണറായി വിജയൻ കേരളത്തിലെ കർഷകർക്ക് ഒരു വർഷം മുമ്പ് സംഭരിച്ച നെല്ലിന്റെ വില പോലും നൽകിയിട്ടില്ല. മതിയായ താങ്ങുവില നൽകുന്നില്ലെന്ന് മാത്രമല്ല നെല്ല് സംഭരണത്തിലും കാലതാമസം നേരിടുന്നു. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴയാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് തലമുണ്ഡനം ചെയ്യേണ്ടിവന്ന അവസ്ഥതന്നെ സ്ത്രീ സൗഹൃദവും സുരക്ഷയും എന്ന ഇടതുസർക്കാരിന്റെ വാഗ്ദാനം പൊളിഞ്ഞതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വിമർശിച്ചു.