 
നെന്മാറ: കത്തുന്ന വെയിലിൽ വെന്തുരുകുകയാണ് നാടും നഗരവും. വേനൽച്ചൂട് രാവും പകലുമുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ദാഹമകറ്റാൻ നാരങ്ങാവെള്ളം, സംഭാരം, കുലുക്കി സർബത്ത് തുടങ്ങിയ സുലഭമാണ്. പക്ഷേ, പാലക്കാട്ടുകാർക്ക് എന്നും പ്രിയം പനനൊങ്ക് തന്നെ.
നെന്മാറ - നെല്ലിയാമ്പതി റോഡിൽ വിവിധയിടങ്ങളിലായി പനനൊങ്ക് വിൽപ്പന പൊടിപൊടിക്കുകയാണ്. വില ഒന്നിന് 15 രൂപ. കരിക്ക് വിൽപ്പനക്ക് ഒപ്പമാണ് പനനൊങ്കും വിൽക്കുന്നത്. വേനല്ക്കാലത്ത് ശരീരം തണുപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല ഫലമാണ് പനനൊങ്ക്. ഐസ് ആപ്പിൾ എന്നറിയപ്പെടുന്ന പനനൊങ്ക് ശരീരം തണുപ്പിക്കാൻ മാത്രമല്ല പോഷകാഹാരം കൂടിയാണെന്നുള്ളതുകൊണ്ടുതന്നെ ഡിമാന്റ് ഏറിവരുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പനനെങ്ക് വെട്ടി പെട്ടിഓട്ടോയിൽ കൊണ്ടുവന്നാണ് വില്പന. പനനൊങ്ക് മൊത്തമായി വിൽക്കുന്നതിന് പകരം മാംസ ഭാഗം മാത്രം വെള്ളം നഷ്ടപ്പെടാതെ ചൂഴ്‌ന്നെടുത്ത് എടുത്താണ് 10 എണ്ണം 70 രൂപയ്ക്ക് വിൽക്കുന്നത്. കൊഴിഞ്ഞാമ്പാറ, വടകരപ്പതി, കോഴിപ്പാറ തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്നാണ് പനനൊങ്ക് വ്യാപകമായി ശേഖരിക്കുന്നത്. ആവശ്യക്കാർ ഏറെയുള്ളതിനാൽ രാവിലൈ റോഡരികിൽ കൂട്ടിയിടുന്ന പനനൊങ്കുകൾ വൈകുന്നേരമാകുമ്പോഴേക്കും മിക്കദിവസവും വിറ്റുതീരുന്നുണ്ട്. ആൺ പനകൾ കള്ള് ചെത്താൻ ഉപയോഗിക്കുന്നു. നൊങ്ക് ലഭിക്കുന്ന പെൺ പനകൾക്ക് കുലകളുടെ എണ്ണം അനുസരിച്ച് 250 മുതൽ 400 രൂപ വരെ കർഷകർക്ക് നൽകാറുണ്ട്. ഒരു പനയിൽ നിന്ന് ഒരു സീസണിൽ മൂന്നുമുതൽ അഞ്ചുതവണ വരെ പനനൊങ്ക് കുലകൾവെട്ടി എടുക്കാറുണ്ട്.
നാട്ടിൻപുറങ്ങളിൽ കരിമ്പനകൾ കുറഞ്ഞതോടെ പനനൊങ്ക് കിട്ടാക്കനിയായി. പുതുതായി കരിമ്പനകൾ വച്ചുപിടിപ്പിക്കാത്തതും ഉള്ളവ വെട്ടി മാറ്റിയതും കൃഷിയോഗ്യമല്ലാത്ത പാഴ് സ്ഥലങ്ങൾ മാവ്, റബർ തുടങ്ങിയ വിളകളിലേക്ക് മാറിയതോടെ കരിമ്പനയും കരിമ്പന കാറ്റും പേരിനു മാത്രമായി ചുരുങ്ങി.