
പാലക്കാട്: വാളയാർ പീഡന കേസിൽ സംസ്ഥാന സർക്കാരിന്റെ നീതി നിഷേധത്തിനെതിരെ പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതൽ നഗരത്തിൽ സ്റ്റേഡിയം സ്റ്റാന്റിന് സമീപം ഇവർ സത്യഗ്രഹ സമരത്തിലാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാർക്കിടയിലേക്ക് ഇറങ്ങുമെന്ന് കുട്ടികളുടെ അമ്മ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇവർക്കു പിന്തുണയുമായി സാഹിത്യകാരി ബിന്ദു കമലൻ, സെലീന പ്രക്കാനം എന്നിവരും ഇന്നലെ തല മുണ്ഡനം ചെയ്തു. പെൺകുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞാണ് അവർ തല മുണ്ഡനം ചെയ്യാനിരുന്നത്.
എന്റെ കുഞ്ഞുങ്ങൾക്ക് മരണശേഷവും സർക്കാർ നീതി നിഷേധിക്കുകയാണ്. ഇനി 14 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോട് സർക്കാർ നീതികേട് വിവരിക്കുമെന്നും അവർ പറഞ്ഞു.