 
ഒറ്റപ്പാലം: പാലപ്പുറം ചിനക്കത്തൂർ പൂരം ആഘോഷിച്ചു. മാമാങ്ക സ്മരണകളുയർത്തുന്ന കുതിരകളും ആനകളും മുതലിയാർത്തെരുവിൽ നിന്ന് എത്തുന്ന തേരും വേഷങ്ങളും ചിനക്കത്തൂർ ക്ഷേത്രമുറ്റത്തെത്തി പൂരക്കാഴ്ചയൊരുക്കി.
ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് ആഘോഷങ്ങൾ നടന്നത്. രാവിലെ ആറുമണിക്ക് പനമണ്ണ ശശിയുടെ നേതൃത്വത്തിലുള്ള ആറാട്ടുമേളത്തോടെയാണ് പൂരത്തിന് തുടക്കമായത്. പൂതനും തിറയും തുടികൊട്ടിയാടി ക്ഷേത്രമുറ്റത്തു ഭക്തിയാവേശം തീർത്തു. രണ്ടുമണിയോടെ കുതിരയിളക്കൽ നടന്നു. മൂന്നുമണിയോടെ കുതിരകൾ ചിനക്കത്തൂരിന്റെ പൂരപ്പറമ്പിൽ യുദ്ധക്കളത്തിലെന്ന പോലെ അണിനിരന്നു നിയന്ത്രണങ്ങളുള്ളതിനാൽ കുതിര കളിയില്ലാതെ ഭഗവതിയെ തൊഴുതുമടങ്ങുകയായിരുന്നു.
തേര്, തട്ടിന്മേൽക്കൂത്ത് എന്നിവ തിരുമുറ്റത്തേക്ക് പ്രവേശിച്ച് ഭവതിക്ക് മുന്നിൽ ചടങ്ങുകൾ തീർത്തു. പിന്നീട് വഴിപാടുകുതിരകളുടെയും കാളകളുടെയും സമയമായി. നിയന്ത്രണങ്ങളുള്ളതിനാൽ പ്രത്യേക വേലാഘോഷവരവുകൾ ഇത്തവണയുണ്ടായില്ല. പിന്നീട് ആനപ്പൂരം നടന്നു. സാധാരണയെത്താറുള്ള 27 ആനകൾക്ക് പകരം ഏഴ് ആനകൾ തിടമ്പേറ്റിയെത്തി. ശേഷം കുടമാറ്റവും പാണ്ടിമേളവും നടന്നു. ഇതോടെ പകൽപ്പൂരം സമാപിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് വീണ്ടും പൂരം അണിനിരക്കും. ആചാര ചടങ്ങുകൾ ആവർത്തിക്കും. ഒടുവിൽ ആറാടി കുടിവെപ്പോടുകൂടി ഈ വർഷത്തെ പൂരത്തിന് സമാപനം.