
ചിറ്റൂർ: മൂലത്തറ ഇടതുകര കനാൽ വഴിയുള്ള വിതരണത്തിലൂടെ കിഴക്കൻ മേഖലയിൽ രണാംവിള കൃഷി ജലസമൃദ്ധിയിൽ. അത്തിമണി, നല്ലേപ്പിള്ളി, പെരുവെമ്പ് പ്രദേശത്ത് ആവശ്യത്തിന് വെള്ളം ലഭ്യമായതായും വിതരണം നിറുത്താമെന്നും കർഷകർ അധികൃതരെ അറിയിച്ചു.
കൃത്യമായ ജലവിതരണ സംവിധാനം നടപ്പിലാക്കാൻ കഴിഞ്ഞതാണ് കൃഷിക്ക് അനുകൂലമായത്. നേരത്തെ അധികൃതർ ജലസേചന കലണ്ടർ തയ്യാറാക്കുമ്പോൾ കൃഷി രീതിക്കനുസരിച്ച് പൊരുത്തപ്പെടാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം കർഷരുടെ ആവശ്യങ്ങൾ മുഖവിലക്കെടുത്തതോടെയാണ് ജലസേചനം കൂടുതൽ ഫലപ്രദമായി മാറിയത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, കൃഷി ഓഫീസർമാർ, പാടശേഖര സമിതി ഭാരവാഹികൾ, കനാൽ കമ്മിറ്റി, പ്രൊജക്ട് ഉപദേശക സമിതി എന്നിവർ സംയുക്തമായി ജലസേചന കലണ്ടർ തയ്യാറാക്കുകയായിരുന്നു. കൃഷി-ജലസേചന വകുപ്പുകളുടെ ഏകോപനത്തിലൂടെ കൃത്യസമയത്ത് കൃഷിയിറക്കാനും വെള്ളം ലഭ്യമാക്കാനും കഴിഞ്ഞു. നേരത്തെ കൃഷിയിറക്കിയതും നേട്ടമായി.
ശക്തമായ ഇടപെടൽ
തമിഴ്നാട്ടിൽ നിന്ന് കരാർ പ്രകാരം ലഭിക്കേണ്ട വെള്ളം കൃത്യമായി വാങ്ങിയെടുത്തു. 34ഓളം കേജിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ചു. കൃത്യമായി വെള്ളം ലഭ്യമാകാൻ ഇതും സഹായകമായി. തകർന്ന കനാലുകൾ 80 കോടി ചിലവഴിച്ച് നവീകരിച്ചതോടെ നഷ്ടം സംഭവിക്കാതെ വെള്ളമെത്തിക്കാനായി.
കേരളത്തിന് അവകാശപ്പെട്ട 7.25 ടി.എം.സി വെള്ളവും അൺകൺട്രോൾഡ് ഫ്ലഡ് വാട്ടറും ലഭ്യമാക്കി. 4.12 ടി.എം.സി വെള്ളം കൊണ്ടുതന്നെ എൽ.ബി.സി.യും ആർ.ബി കനാലും സമൃദ്ധമായി. മീങ്കരയിലേക്കും ചുള്ളിയാറിലേക്കും വെള്ളം നൽകാനും കഴിഞ്ഞു. ഏതാനും ദിവസത്തിനകം ആർ.ബി.സി.യിലേക്ക് വെള്ളം തുറന്നുവിടുമെന്ന് അധികൃതർ പറഞ്ഞു.