c

കൊവിഡ് സാമഗ്രികൾ കെട്ടിക്കിടക്കുന്നു.

പരാതി നൽകിയിട്ടും പരിഹാരമില്ല.


വടക്കഞ്ചേരി: പന്തലാംപാടം മേരിമാതാ എച്ച്.എസ്.എസിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സ്ഥലമില്ല. സ്‌കൂളിനെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയത് പിൻവലിച്ചെങ്കിലും ഇവിടെ കൊണ്ടുവന്ന സാധനങ്ങൾ മാറ്റാത്തതിനാൽ കുട്ടികൾ വരാന്തയിലിരുന്ന് പരീക്ഷയെഴുതേണ്ട അവസ്ഥയാണ്.
നിരവധി തവണ സ്‌കൂൾ അധികൃതരും പി.ടി.എ.യും ചേർന്ന് പഞ്ചായത്തിലും ആർ.ജെ.ഡി.യിലും പരാതിപ്പെട്ടെങ്കിലും സാധാനങ്ങൾ മാറ്റിയില്ല. ജില്ലാ കലക്ടറുടെ ഉത്തരവുണ്ടെങ്കിലേ എന്തെങ്കിലും ചെയ്യുവാൻ സാധിക്കൂവെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.
ഇതോടെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള കുട്ടികളെ കൊവിഡ് മാനദണ്ഡം പാലിച്ച് എവിടെ ഇരുത്തുമെന്ന അങ്കലാപ്പിലാണ് സ്‌കൂൾ അധികൃതർ. കൊവിഡ് രോഗികൾക്കായി കൊണ്ടുവന്ന നൂറുകണക്കിന് കട്ടിലുകളും ബെഡുകളും മറ്റു സാധനങ്ങളും ക്ലാസ് റൂമുകളിൽ കെട്ടിക്കിടക്കുകയാണ്. ഇവ മാറ്റിയാലേ പരീക്ഷ സുഗമമായി നടത്താനാകൂ.
മാനദണ്ഡപ്രകാരം ഒരു ക്ലാസ് റൂമിൽ 20 കുട്ടികളെ മാത്രമേ ഇരുത്താൻ പറ്റൂ. ഐ.ഇ.ഡി കുട്ടികളിൽ എട്ടുപേരെ മാത്രമെ ഒരു റൂമിൽ ഇരുത്താനാകൂ. ഇതിനാൽ ഇക്കാര്യത്തിൽ ഉടൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

സൗകര്യമൊരുക്കണം: പി.ടി.എ
വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്നും കൊവിഡ് സാമഗ്രികൾ ഉടനടി മാറ്റണമെന്നും പി.ടി.എ ആവശ്യപ്പെട്ടു. ഹൈസ്‌കൂളിൽ 300 കുട്ടികളും പ്ളസ് ടുവിൽ 125 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. സാമഗ്രികൾ മാറ്റാൻ കലക്ടർ അടിയന്തിരമായി ഉത്തരവിടണം. പി.ടി.എ പ്രസിഡന്റ് ജിജോ അറയ്ക്കൽ അദ്ധ്യക്ഷനായി. എം.പി.ടി.എ പ്രസിഡന്റ് ഷീബ പ്രമോദ്, ജോസ് വി.ജോർജ്, ടി.സി.ഷാജി, ഗോവിന്ദൻകുട്ടി, സി.ജെ.ബിജുമോൻ, ആൻസി സാജു. ഇ.സി.സുനിൽ സംസാരിച്ചു.