 
നെന്മാറ: നെന്മാറ, അയിലൂർ, കയ്പഞ്ചേരി പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങിയെങ്കിലും സംഭരണം തുടങ്ങാത്തത് കർഷകരെ ഏറെ വലയ്ക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യന്ത്രമുപയോഗിച്ച് കൊയ്ത്ത് നടക്കുന്നുണ്ടെങ്കിലും നാമമാത്ര കർഷകർ ആളുകളെ കൊണ്ടും കൊയ്തെടുക്കുന്നുണ്ട്. യന്ത്ര വാടകയിൽ ഏകീകരണമില്ലെന്ന പരാതിയും ഉയരുന്നു.
കഴിഞ്ഞ സീസണിൽ പഞ്ചായത്ത് തലത്തിൽ കർഷകർ ഒത്തുകൂടി യന്ത്രവാടക ഏകീകരിച്ചിരുന്നു. ഇപ്രാശ്യം ഏജന്റുമാരുടെ നീക്കുപോക്കുകൾ കർഷകർക്ക് തിരിച്ചടിയായി. പാടശേഖരങ്ങളിൽ വെള്ളമുള്ളതിനാൽ ചെയിൻ ഘടിപ്പിച്ച യന്ത്രമാണ് ഉപയോഗിയ്ക്കുന്നത്. ടയർ ഉപയോഗിച്ചുള്ള യന്ത്രം ഉപയോഗിക്കാനാകാത്തതിനാൽ വൈക്കോൽ നഷ്ടപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സർക്കാർ നെല്ല് സംഭരണം വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ വ്യക്തതയായില്ല. കൊയ്ത നെല്ല് സ്വകാര്യ മില്ലുകാർക്ക് അളക്കുന്നതിനും കർഷകർ നിർബന്ധിതരാകുകയാണ്. ചെറുകിട കർഷകർക്ക് നെല്ല് സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ ഈ അവസരം സ്വകാര്യ മില്ലുകാർ മുതലെടുക്കുകയാണ്.
ഒന്നാംവിള വെള്ളത്തിനടിയിലായി നഷ്ടം വന്നത് രണ്ടാംവിളയിൽ തിരിച്ചുപിടിയ്ക്കാമെന്ന് കരുതിയ കർഷകർ വിലക്കുറവിൽ നെല്ലളക്കേണ്ട ഗതികേടിലാണ്. കടം വാങ്ങിയും കളപറിച്ചും വളപ്രയോഗം നടത്തിയും രാത്രി കാട്ടുപന്നികൾക്കും പകലന്തിയോളം മയിലുകൾക്കും കാവലിരുന്ന കർഷകർ വലിയ ആശങ്കയിലാണ്.
അമിത വാടക നിയന്ത്രിക്കണം
കൊയ്ത്ത് യന്ത്രങ്ങളുടെ അമിത വാടക നിയന്ത്രിക്കണമെന്നാവശ്യം കർഷകർക്കിടയിൽ ശക്തമാണ്. കൃഷിവകുപ്പും ബന്ധപ്പെട്ട അധികൃതരും പ്രശ്നത്തിൽ ഇടപെടണം. കഴിഞ്ഞ ഒന്നാംവിള കൊയ്ത്തിന് 2200 രൂപ വരെയുണ്ടായിരുന്ന വാടക ഒറ്റയടിക്ക് 2600 മുതൽ 2800 വരെയായി വർദ്ധിച്ചു. ഏകീകരിച്ച വാടക നിശ്ചയിക്കുന്നതിന് ഏജന്റുമാരെയും കർഷകരെയും വിളിച്ചുചേർത്ത് ചർച്ച നടത്തണമെന്നും ആവശ്യമുണ്ട്.