അടൂർ : യാത്രക്കാരുണ്ട്. വരുമാനവും ലഭിക്കും. എന്നിട്ടും വടക്കൻ ജില്ലകളിലേക്കുള്ള ദീർഘദൂര സർവീസുകൾ പുനരംഭിക്കാൻ അടൂർ ഡിപ്പോ അധികൃതർ മടിക്കുന്നു. ഒരു സൂപ്പർഫാസ്റ്റും രണ്ട് ഫാസ്റ്റ് പാസഞ്ചറുമാണ് നിറുത്തലാക്കിയത്. ഇവ പുനരാരംഭിക്കണമെന്ന് യാത്രക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. സർവീസുകൾ ആരംഭിക്കാൻ ചീഫ് ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുപോലും ഡിപ്പോ ആധികൃതർക്ക് കുലുക്കമില്ല.

ഒാടിത്തുടങ്ങുമോ ?

1. അടൂർ - എറണാകുളം സൂപ്പർ ഫാസ്റ്റ്

രാവിലെ 6.10ന് അടൂരിൽ നിന്ന് പുറപ്പെട്ട് ചെങ്ങന്നൂർ, ചങ്ങനാശേരി,ആലപ്പുഴ,ചേർത്തല വഴി എറണാകുളത്തേക്കുള്ളതായിരുന്നു ഇൗ സർവീസ്. എറണാകുളത്തുനിന്ന് വൈക്കംവഴി കോട്ടയം,അടൂർ,കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് എത്തി രാത്രി 8.30ന് തിരികെയെത്തിയിരുന്നു. 18,000 മുതൽ 20,000 രൂപവരെ പ്രതിദിന വരുമാനം ലഭിച്ചിരുന്നു.

2. അടൂർ - തൃശൂർ ഫാസ്റ്റ് പാസഞ്ചർ

രാവിലെ 6.15ന് അടൂരിൽ നിന്ന് പുറപ്പെട്ട് എം.സി റോഡിലൂടെ അങ്കമാലിയിലും തുടർന്ന് തൃശൂരും എത്തി മടങ്ങുന്നതായിരുന്നു ഇൗ സർവീസ്. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ രണ്ട് ജില്ലയിൽ കൂടുതൽ കടക്കേണ്ടതില്ലെന്ന കൊവിഡ്കാല നിർദ്ദേശം മൂലമാണ് മുടങ്ങിയത്.ഈ സർവീസ് പാലക്കാട്ടേക്ക് സൂപ്പർ ഫാസ്റ്റ് സർവീസാക്കി മാറ്റുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂൾ ലഭിക്കാത്തതാണ് തുടങ്ങുന്നതിന് തടസമായി പറയുന്നത്.

3. അടൂർ - ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ

രാവിലെ 4.45ന് മണ്ണടിയിൽ നിന്ന് പുറപ്പെട്ട് 5.15ന് അടൂരിലും തുടർന്ന് കായംകുളം, ആലപ്പുഴ വഴി ഗുരുവായൂരിലേക്കുമുള്ള ഈ സർവീസ് പിന്നീട് ഗുരുവായൂർ ഡിപ്പോയ്ക്ക് കൈമാറി.അവരും സർവീസ് നിറുത്തി. പകരമായി വൈകിട്ട് 4.15ന് അടൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് ഗുരുവായൂരിൽ എത്തുകയും അടുത്ത ദിവസം രാവിലെ 7 ന് അവിടെനിന്ന് തിരിച്ച് അടൂരിൽ എത്തുകയും ചെയ്തിരുന്ന സർവീസും ലോക്ക് ഡൗണോടെ നിറുത്തലാക്കി.

----------------------

ഡ്രൈവർമാർ കുറവ്

മതിയായ ഡ്രൈവർമാർ ഇല്ലാത്തതാണ് സർവീസുകൾ ആരംഭിക്കുന്നതിലുള്ള തടസം. കൊവിഡ് ബാധിച്ചും നിരീക്ഷണത്തിലും പത്തോളം ഡ്രൈവർമാരുണ്ട്. കൂടുതൽ ഡ്രൈവർമാരെ നിയമിക്കാതെ പ്രധാന സർവീസുകൾ പുനരാരംഭിക്കാൻ കഴിയില്ല.

ഡിപ്പോ അധികൃതർ