 
പത്തനംതിട്ട: സിനിമാ തിയേറ്ററിൽ ടിക്കറ്റെടുക്കാൻ ഇടിച്ചും തള്ളിയും നിൽക്കുന്നപോലെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൗണ്ടറുകൾക്ക് മുന്നിൽ ആളുകൾ നിൽക്കുന്നത്. ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി രണ്ട് ക്യൂ. അടുത്തുതന്നെ ടിക്കറ്റിൽ സീൽ പതിക്കാനും രണ്ട് ക്യൂ. ഡോക്ടർമാരെ കാണാനെത്തുന്നവർക്കായി ഒരേ സമയം രൂപപ്പെടുന്നത് നാല് ക്യൂ.
അത്യാഹിത വിഭാഗത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറിന് മുന്നിൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും ക്യൂവിൽ നിന്നാലേ ടിക്കറ്റ് ലഭിക്കൂ. ഇവിടെ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി രണ്ട് ക്യൂവാണുള്ളത്. ഇവിടെ നിന്ന് ടിക്കറ്റ് വാങ്ങി അടുത്ത ക്യൂവിലും അരമണിക്കൂറെങ്കിലും നിന്നാൽ മാത്രമേ ടിക്കറ്റിൽ സീൽ പതിച്ച് കിട്ടുകയുള്ളൂ. ഇവിടെയും പുരുഷൻമാർക്കും സ്ത്രീകൾക്കും ക്യൂവുണ്ട്. കൊവിഡ് വ്യാപന കാലത്ത് ആളുകൾ ക്യൂവിൽ ഇടിച്ച് നിൽക്കുന്നത് ഒഴിവാക്കാൻ ശ്രമമില്ല. സാമൂഹിക അകലം പാലിക്കാൻ കഴിയുന്നുമില്ല. നേരത്തെ ആശുപത്രിയിൽ എത്തുന്നവരെ നിയന്ത്രിക്കാൻ ആശ പ്രവർത്തകരെ നിയോഗിച്ചിരുന്നു.
ഒരു കൗണ്ടറിൽ തീരാവുന്ന കാര്യം
ടിക്കറ്റ് വിതരണ കൗണ്ടറിൽ നിന്ന് തന്നെ സീലും നമ്പരും പതിച്ച് നൽകിയാൽ രണ്ട് ക്യൂ ഒഴിവാക്കാനാകും. ഒ.പി ടിക്കറ്റ് നൽകുന്ന കൗണ്ടറിൽ സീൽ പതിക്കാൻ ഒരു ജീവനക്കാരനെ നിയമിച്ചാൽ മതിയാകും. സമയം നഷ്ടപ്പെടുത്താതെ രോഗികൾക്ക് ഡോക്ടർമാരെ കാണാനും അവസരമാകും.
നാല് ക്യൂ രൂപപ്പെടുന്നതു കാരണം ആശുപത്രിയിലെ കണ്ണ് പരിശോധന വിഭാഗം, ഫാർമസി, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിൽ നിന്ന് കാഷ്വാലിറ്റി, ബി ആൻഡ് സി ബ്ളോക്ക് എന്നിവിടങ്ങളിലേക്കുള്ള വഴി തടസപ്പെടുന്നുണ്ട്. ഇന്നലെ ഡോക്ടർമാരെ കാണാനെത്തിയ നൂറ് കണക്കിന് ആളുകളാണ് കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിന്നത്.
'' ടിക്കറ്റ് കൗണ്ടർ പ്രവർത്തനം പുന:പരിശോധിക്കും. കൗണ്ടറിന് മുന്നിൽ നിൽക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആശാ വർക്കർമാരെ നേരത്തെ നിയോഗിച്ചിരുന്നു. രണ്ട് ദിവസമായി അവർ പോളിയോ മരുന്ന് വിതരണത്തിലാണ്. സാമൂഹിക അകലം കർശനമായി പാലിക്കാൻ നടപടിയുണ്ടാകും.
ഡോ. ആശിഷ് മോഹൻ കുമാർ,
ആർ.എം.ഒ.