stamp

പത്തനംതിട്ട : സംസ്ഥാനത്ത് മുദ്രപ്പത്രങ്ങളെല്ലാം ഇ - സ്റ്റാമ്പിംഗ് വഴി ലഭ്യമാക്കുമെന്ന സർക്കാർ ഉത്തരവ് ആശ്വാസത്തിനൊപ്പം ആശങ്കയ്ക്കും ഇടയൊരുക്കുന്നുണ്ട്.

ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ സ്റ്റാമ്പിംഗ് സംവിധാനം. എന്നാൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള മുദ്രപ്പത്ര ഇടപാടുകൾക്കു ഇ സ്റ്റാമ്പിംഗ് നിർബന്ധമാക്കിയാണ് കഴിഞ്ഞ ദിവസം നികുതി വകുപ്പ് പ്രിനസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കിയത്. വിവിധ ആവശ്യങ്ങൾക്കുള്ള മുദ്രപ്പത്രങ്ങൾ ഇനി ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽ നിന്ന് ഇ പെയ്‌മെന്റ് മുഖേന ഡൗൺലോഡ് ചെയ്ത് വാങ്ങണം. ഏറ്റവും കുറഞ്ഞ 50 രൂപയുടെ മുദ്രപ്പത്രം പോലും ഇനിയും ഡൗൺലോഡ് ചെയ്തു വാങ്ങേണ്ടിവരും.
ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തവർ മറ്റ് സംവിധാനങ്ങളെ ഇനിയും ആശ്രയിക്കേണ്ടി വരും. ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പണം അടച്ചാൽ മാത്രമേ ഈ സ്റ്റാമ്പ് ലഭ്യമാവുകയുള്ളൂ . ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് രജിസ്‌ട്രേഷനായി ഉപയോഗിക്കണം. വ്യാജ മുദ്രപ്പത്രങ്ങൾക്ക് തടയിടാൻ കഴിയുമെങ്കിലും ഇവ വിൽപ്പന നടത്തിയിരുന്ന വെണ്ടർമാരുടെ വരുമാനത്തെ ഇത് കാര്യമായി ബാധിക്കാനും ഇടയുണ്ട്.

മുദ്രപ്പത്രം ഇ - സ്റ്റാമ്പിംഗ് വഴി ആയതോടെ വെണ്ടർമാർ ആശങ്കയിലാണ്. നിലവിലുള്ള കമ്മിഷനടക്കം വെൻ‌ഡർമാരുടെ വരുമാനത്തെ അത് വലിയ രീതിയിൽ ബാധിക്കും. ലൈസൻസുള്ള 59 വെൻ‌ഡർമാരാണ് ജില്ലയിലുള്ളത്. ഇവരിൽ ഭൂരിഭാഗവും പ്രായമേറിയവരാണ്. ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുമ്പോൾ കമ്പ്യൂട്ടർ വേഗത്തിൽ ഉപയോഗിക്കാനും അതിന്റെ രീതികളും പഠിച്ചേടുക്കേണ്ടി വരും. അത് എളുപ്പമല്ലാത്തതിനാൽ വേറൊരാളെ കൂടി ജോലിയ്ക്ക് വേണ്ടി വരും. ഉത്തരവിനെ പറ്റി ക‌ൃത്യമായ ധാരണയില്ലാത്തതിനാൽ അടച്ചുപൂട്ടൽ നേരിടേണ്ടി വരുമോയെന്ന പേടിയും ഇവർക്കുണ്ട്.

"ഉന്നത ഉദ്യോഗസ്ഥരുമായി തുടർദിവസങ്ങളിൽ ചർച്ചയുണ്ടാകും. അത് കഴിഞ്ഞാണ് തീരുമാനത്തിലെത്തുക. ഉത്തരവ് ലഭിച്ചിട്ടില്ല. ഇപ്പോൾ പഴയ സ്ഥിതി തുടരുകയാണ് ചെയ്യുന്നത്. "

രാജേഷ് ടി. നായർ

പത്തനംതിട്ട സ്റ്റാമ്പ് ഡിപ്പോ ഓഫീസർ

"വെണ്ടർമാർക്ക് പുതിയ രീതിയിൽ പങ്കാളിത്തം ഉണ്ടാകും. നിലവിൽ കൈയ്യിലുള്ള പത്രം ട്രഷറിയിൽ തിരിച്ചെടുക്കും. വരുമാനം നഷ്ടമാകും. "

എം.എ.രാജീവ്,

സ്റ്റാമ്പ് വെൻഡർ

പത്തനംതിട്ട