തിരുവല്ല: ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ ചീട്ടെഴുതി നൽകാൻ രണ്ടു ജീവനക്കാർ മാത്രം. രോഗികളുടെ തിക്കുംതിരക്കും കാരണം കൊവിഡ് ചട്ടങ്ങളും പാലിക്കപ്പെടുന്നില്ല. തിങ്കളാഴ്ച ദിവസങ്ങളിൽ പതിവിലും കൂടുതൽ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ഇന്നലെ എത്തിയത് എഴുന്നൂറിലധികം രോഗികളാണ്. പുരുഷന്മാരുടെ കൗണ്ടറിൽ ചീട്ടെഴുതി നൽകാൻ ഇന്നലെ ജീവനക്കാരില്ലായിരുന്നു. പുരുഷന്മാരുടെ കൗണ്ടർ ആളില്ലാതെ ഒഴിഞ്ഞുകിടന്നതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയും കൗണ്ടറിലാണ് ഇവരും ക്യൂ നിന്നത്. ഇതുകാരണം ഒ.പി കൗണ്ടർ കവിഞ്ഞും രോഗികളായിരുന്നു. കൊവിഡ് രോഗികളും പരിശോധനയ്‌ക്കെത്തുന്നവരും ഉൾപ്പെടെ ഒട്ടേറെപ്പേർ വന്നുപോകുന്ന ആശുപത്രിയിൽ സാമൂഹിക അകലം പാലിച്ച് ചികിത്സ തേടാനുള്ള സംവിധാനങ്ങളും നടപ്പാക്കുന്നില്ല. കുട്ടികളുമായെത്തിയ സ്ത്രീകളും വൃദ്ധരും ഗർഭിണികളുമെല്ലാം മണിക്കൂറുകൾ കാത്തിരുന്നാണ് ചീട്ടെടുത്തത്. ചീട്ടെഴുതി കിട്ടാൻ വൈകിയതിനാൽ രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാർക്ക് കാത്തിരിക്കേണ്ടി വന്നു. ഇതുകാരണം ഒ.പിയിലെ ചികിത്സാസമയവും നീണ്ടുപോയി. ജീവനക്കാരില്ലെങ്കിൽ തിരക്കുള്ളപ്പോൾ പകരം സംവിധാനം ഒരുക്കാനും അധികൃതർ നടപടി സ്വീകരിച്ചില്ല.

-------------------

ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനുള്ള നടപടിയില്ലെന്ന് പരാതി

കൊവിഡ് രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. രോഗത്തിന്റെ അവശതകളുമായി എത്തുന്നവരെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടിയാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നതെന്ന് രോഗികൾ പറഞ്ഞു.

-----------------

-രോഗികളുടെ തിക്കും തിരക്കും
-കൊവിഡ് ചട്ടങ്ങൾ പാലിക്കുന്നില്ല
-ഇന്നലെ എത്തിയത് 700 രോഗികൾ

----------------

ചീട്ടെഴുതി നൽകാൻ രണ്ടു ജീവനക്കാർ മാത്രം