കടമ്പനാട് : കാട് മൂടിയും മാലിന്യം നിറഞ്ഞും കനാലുകൾ. നവീകരണത്തിന് ഫണ്ടില്ലാതെ കെ. ഐ പി.ഇറച്ചി മാലിന്യം വ്യാപകമായി കനാലിൽ തള്ളുന്നതിനാൽ അടൂർ മുൻസിപ്പാലിറ്റിയിലെ ഇറച്ചി മാംസക്കച്ചവടക്കാർക്കു മാലിന്യനിർമാർജന സംവിധാനമുണ്ടന്ന് ഉറപ്പ് വരുത്തണമെന്നാവശ്യപെട്ട് മുൻസിപ്പാലിറ്റിക്ക് കെ.ഐ.പി കത്ത് നൽകി. കനാലുകൾ നിറയെ ഇറച്ചി മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നവീകരിക്കാൻ കെ.ഐ.പിക്ക് മതിയായ ഫണ്ടില്ല. വരൾച്ച തുടങ്ങിയതോടെ തോടുകളിലും നീർച്ചാലുകളിലും ഒഴുക്കു നിലച്ചു. കിണറുകളിലെയും വെള്ളം വറ്റിതുടങ്ങി. ഒരാഴ്ച കൂടി പിന്നിട്ടാൽ കുടിവെള്ളം ക്ഷാമം രൂക്ഷമാകും. കഴിഞ്ഞ തവണവരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാലുകൾ നവീകരിച്ചത്. ആവർത്തന സ്വഭാവമുള്ള പദ്ധതികൾ നടപ്പിലാക്കരുതെന്ന കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് ജില്ലയുടെ ഭാഗങ്ങളിൽ ഈ വർഷം തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ നവീകരണം നടക്കില്ല. പതിനാലാം മൈൽ, മലമേക്കര, തുവയൂർ ഭാഗങ്ങളിൽ വലിയ തോതിൽ മണ്ണിടിഞ്ഞും ഇറച്ചി മാലിന്യം വലിച്ചെറിഞ്ഞതുമായ സ്ഥലങ്ങളുണ്ട്. മാലിന്യം വാരിയാലും ഇതു സ്വന്തം നിലയിൽ സംസ്‌കരിക്കാൻ സംവിധാനമില്ലെന്നും കെ.ഐ.പി അധികൃതർ പറഞ്ഞു. മെയിൽ കനാലുകളിൽ നവീകരണം നടത്താതെ തന്നെ വെള്ളമൊഴുക്കാനാണ് കെ.ഐ പി പദ്ധതി. നിലവിൽ മതിയായ ഫണ്ട് കെ.ഐ പിക്ക് ഇല്ല. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ മാലിന്യവും കെട്ടിനിന്ന് കടുത്ത ദുർഗന്ധമാണ്. മാലിന്യം നീക്കാതെ വെള്ളംതുറന്ന് വിട്ടാൽ പകർച്ചവ്യാധി ഭീഷണിക്കും സാദ്ധ്യതയുണ്ട്.

കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും കനാൽ ആശ്രയം

പത്തനംതിട്ട ,ആലപ്പുഴ,കൊല്ലം,ജില്ലകൾ കടുത്ത വരൾച്ചയെ അതിജീവിക്കുന്നത് കല്ലട ജലസേചന പദ്ധതി പ്രകാരം കനാലിലൂടെ ഒഴുകിവരുന്ന ഈ ജലത്തെ ആശ്രയിച്ചാണ്. 69.752 കി.മീ. ദൈർഘ്യം വരുന്ന വലതുകര കനാൽ കൊല്ലം ജില്ലയുടെ കിഴക്ക് വടക്ക് പ്രദേശങ്ങളിലൂടെ കടന്ന് പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ച് ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളിലൂടെ കടന്ന് കൊല്ലം ജില്ലയിലെ കരുനാഗപള്ളിയിൽ അവസാനിക്കുന്നു. 56.16 കി.മീ ദൈർഘ്യം വരുന്ന ഇടതുകര കനാൽ കൊല്ലം ജില്ലയിലെ ഇളമ്പള്ളൂരിൽ അവസാനിക്കുന്നു. മൂന്ന് ജില്ലകളിലായി 92 വില്ലേജുകളിലായി ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളത്തിനും കാർഷികാവശ്യങ്ങളും ഈ കനാൽ ജലത്തെ ആശ്രയിച്ചാണ്.

സബ് കനാൽ നവീകരണത്തിന് ടെൻഡർ

ജില്ലയിൽ സബ് കനാലുകളുടെ നവീകരണത്തിന് കെ.ഐപി ടെൻഡർ വിളിച്ച് നൽകിയിരിക്കുകയാണ്. കരാറുകാർ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് നവീകരിച്ചില്ലെങ്കിൽ വെള്ളം ഒഴുകാൻ ഇനിയും കാലതാമസം നേരിടും. ഫെബ്രുവരി പകുതിയോടെ മെയിൻ കനാലുകളിൽ വെള്ളമെത്തിക്കാനാണ് കെ.ഐ.പി ഇപ്പോൾ ലക്ഷ്യമിടുന്നത്.