
ദേവസ്വം ബോർഡ് സർക്കാരിനെ അറിയിച്ചു
പത്തനംതിട്ട : ശബരിമലയിലെ വരുമാനനഷ്‌ടം നികത്താൻ കുംഭമാസ പൂജയ്‌ക്ക് 15,000 ഭക്തരെ പ്രവേശിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനെ അറിയിച്ചു. തീർത്ഥാടന കാലത്തെ നഷ്ടം നികത്താൻ കുംഭം മുതൽ കൂടുതൽ ഭക്തരെ അനുവദിക്കണമെന്നാണ് ബോർഡിന്റെ നിലപാട്. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും അഭിപ്രായം അറിഞ്ഞ ശേഷം സർക്കാർ തീരുമാനമെടുക്കും. കുംഭ പൂജയ്ക്ക് 12ന് നട തുറക്കും. പൊലീസിന്റെ വെർച്വൽ ക്യൂ വഴിയാകും പ്രവേശനം.
തീർത്ഥാടന കാലത്ത് വെറും 21 കോടിയായിരുന്നു വരുമാനം. 2019ൽ 269 കോടി ലഭിച്ച സ്ഥാനത്താണിത്. ഇത്തവണ തുടക്കത്തിൽ ആഴ്ചയിലെ ആദ്യ അഞ്ച് ദിവസം 2000 പേർക്കു വീതവും മണ്ഡല, മകരവിളക്ക് കാലങ്ങളിൽ 5000 പേർക്ക് വീതവും ദർശനം അനുവദിച്ചിരുന്നു. വരുമാനം നിലച്ചതിനാൽ ബോർഡിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണ്. കൊവിഡ് പശ്ചാത്തലത്തിൽ 70 കോടി രൂപ സർക്കാർ നൽകിയിരുന്നു. 100 കാേടി കൂടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന മാസങ്ങളിൽ പൂജാ ദിവസങ്ങളുടെ എണ്ണം കൂട്ടിയും കൂടുതൽ ഭക്തരെ അനുവദിച്ചും വരുമാനം കൂട്ടണമെന്നാണ് ബോർഡിന്റെ ആവശ്യം.
ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം വർദ്ധിക്കുന്നതായി വിലയിരുത്തൽ. കൊവിഡിന് മുൻപത്തെ വരുമാനത്തിന്റെ 50% ഇപ്പോൾ കിട്ടുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് കാരണം ഭക്തർ കൂടിയതോടെ കാണിക്കയും വഴിപാടും വർദ്ധിച്ചു.
'' ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മാറാൻ ശബരിമലയിലെ വരുമാനം വർദ്ധിക്കണം. കുംഭപൂജ മുതൽ കൂടുതൽ ഭക്തരെ അനുവദിക്കണം''.
ദേവസ്വം ബോർഡ്