പത്തനംതിട്ട: ലോക്ക് ഡൗണിൽ പ്രവർത്തന രഹിതമായതിനെ തുടർന്ന് അടച്ചിട്ട ലിഫ്റ്റ് ഒരു വർഷമാകാറായിട്ടും നന്നാക്കിയിട്ടില്ല. പരാതി നൽകാവുന്നിടത്തെല്ലാം കൊടുത്തെന്നും ഇല്ലെന്നും എവിടെ പരാതി നൽകിയാലും ഫലമില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. പഴയകാലത്തെ ലിഫ്റ്റ് ആയതിനാൽ ഇത് നന്നാക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ അഭിപ്രായം.
സിവിൽ സ്റ്റേഷനിലെ മുകൾ നിലകളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകളിലും കോടതിയിലും പോകാനായി പൊതുജനങ്ങളും ജീവനക്കാരും ഉപയോഗിച്ചിരുന്നതാണിത്. രണ്ട് ലിഫ്റ്റുകളാണുള്ളത്. രണ്ടും പ്രവർത്തനരഹിതമാണിപ്പോൾ. മുപ്പതോളം സർക്കാർ ഓഫീസുകളാണ് അഞ്ച് നിലയുള്ള മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. കൂടാതെ കോടതികളും പ്രവർത്തിക്കുന്നുണ്ട്. പ്രായമായവർക്ക് പടികൾ കയറി മുകൾ നിലകളിൽ എത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വികലാംഗരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിരവധിയാളുകൾ ദിവസേന വന്നു പോകുന്ന സ്ഥലമാണിത്.
വക്കീലൻമാർ ഒരു കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് എത്തുന്നത് ഓടി അണച്ചാണ്. ആദ്യത്തെ രണ്ട് പടി കയറുമ്പോഴെ ശ്വാസം മുട്ടും. കോഴഞ്ചേരി താലൂക്ക് ഓഫീസും ഈ കെട്ടിടത്തിലാണ്. റവന്യൂ ഓഫീസ് ഏറ്റവും മുകളിലാണ്. ജീവനക്കാരൊക്കെ അതാത് ഓഫീസുകളിൽ പരാതി പറയുന്നുണ്ടെങ്കിലും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ലെന്നതാണ് വാസ്തവം. കളക്ടർക്ക് പരാതി നൽകിയിരുന്നതായും തീരുമാനമായില്ലെന്നും ചില ഉദ്യോഗസ്ഥർ പറഞ്ഞു.
" താലൂക്ക് ഓഫീസിലെത്തിയതാണ് രാവിലെ.
മുകളിൽ ചെല്ലുമ്പോഴാകും എന്തെങ്കിലും കോപ്പി എടുക്കാൻ മറന്നു പോകുന്നത്. അതിന് വീണ്ടും സ്റ്റെപ്പ് കയറി ഇറങ്ങണം. ശ്വാസം പോലും വിടാൻ കഴിയില്ല. മാസ്ക് കൂടി ആയതോടെ വലിയ ബുദ്ധിമുട്ടാണ്. "
തോമസ് മാത്യു
താലൂക്ക് ഓഫീസിലെത്തിയയാൾ.