qyarry

അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ എതിരാണ്. ഈ രംഗത്ത് അദാനിക്ക് പരിചയമില്ലന്നാണ് സർക്കാരിന്റെ വാദം. വിഴിഞ്ഞത്തിന് അദാനി പറ്റില്ലെങ്കിൽ അവർക്ക് കോന്നി കലഞ്ഞൂരിൽ പാറ തുരന്നെടുക്കാൻ അനുമതി കൊടുക്കേണ്ടതുണ്ടോ? ആരാണ് അദാനിക്ക് കലഞ്ഞൂരിലേക്കുള്ള വഴികാണിച്ചു കൊടുത്തത്? അദാനിക്ക് വേണ്ടി മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ കലഞ്ഞൂരിന് വിട്ടതും ആരാണ്?. ഇങ്ങനെ കുറെ ചോദ്യങ്ങൾ രാഷ്ട്രീയ മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്. പക്ഷേ, കലഞ്ഞൂരുകാരുടെ ചോദ്യം അതല്ല. എന്തിനാണ് കലഞ്ഞൂരിൽ ഇനി ഒരു പാറമട?.

പാറമടകൾ കൊണ്ട് പൊറുതിമുട്ടിയ നാടാണത്. ഒരു പഞ്ചായത്തിൽ മാത്രം ഒൻപത് പാറമടകളും നാല് ക്രഷർ യൂണിറ്റുകളും. അവിടെയാണ് പുതിയ പാറമടയ്ക്കായി അദാനി ഗ്രൂപ്പ് കണ്ണുവച്ചത്. പാറമടകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന നാടാണ് കലഞ്ഞൂർ. പൊടിശല്യം രൂക്ഷമായ പ്രദേശം. പരിസരവാസികൾക്ക് ആസ്തമ പോലുള്ള അസുഖങ്ങൾ. പാറപൊട്ടിക്കാൻ നടത്തുന്ന സ്ഫോടനത്തിൽ വീടുകൾക്ക് വിള്ളൽ. കൂറ്റൻ പാറ ലോഡുമായി പോകുന്ന ലോറികളുടെ ഭാരം താങ്ങാനാവാതെ തകർന്ന റോഡുകൾ. ഇതൊക്കെ കാണാത്തവരോ അറിയാത്തവരോ അല്ല നാടിന്റെ ജനപ്രതിനിധികൾ. പാറമട ഉടമകളിൽ നിന്ന് പിരിവ് നേടിയാണ് പാർട്ടികൾ വളരുന്നത്.

രാഷ്ട്രീയ കക്ഷികളുടെ പിൻബലമില്ലാതെ പാറമടകൾക്കെതിരെ നാട്ടുകാർ നടത്തുന്ന സമരങ്ങൾ ലക്ഷ്യത്തിലെത്തുന്നില്ല. ഒന്നുകിൽ സമരക്കാരിൽ ചിലരെ വാഗ്ദാനങ്ങളിൽ വീഴ്‌ത്തും. അല്ലെങ്കിൽ തമ്മിലടിപ്പിക്കും. പക്ഷേ, അടുത്തിടെയായി സമരങ്ങൾക്ക് തീവ്രതയേറിയിട്ടുണ്ട്. പുതിയൊരു പാറമട കൂടി വരുന്നു എന്ന വാർത്തകൾ നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അദാനിയുടെ പാറമടയ്‌ക്ക് അനുമതി കൊടുക്കാൻ നടത്തിയ നീക്കം പൊളിഞ്ഞത്. അടുത്തിടെ കോന്നിയിൽ ഒരു പൊതു ഹിയറിംഗ് നടന്നു. കലഞ്ഞൂരിൽ പുതിയ പാറമടയ്‌ക്ക് അനുമതി കൊടുക്കുന്നതിന് മുന്നോടിയായി ഹിയറിംഗ് നടത്തിയത് തിരുവനന്തപുരത്ത് നിന്നെത്തിയ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരാണ്. പാറമടയ്‌ക്ക് ലൈസൻസ് നൽകണമെന്ന മുൻവിധിയോടെയെത്തിയ ഉദ്യോഗസ്ഥർ നാടിന്റെ പ്രതിഷേധവും മുൻകൂട്ടി കണ്ടിരിക്കണം. പാറമടകൾ ഉയർത്തുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ നാട്ടുകാർ വൈകാരികതയോടെ പറഞ്ഞുകൊണ്ടിരിക്കെ, പാറമടക്ക് അനുമതി ലഭിച്ചാൽ നാട്ടുകാർക്ക് ജോലി ലഭിക്കുമെന്ന മറുവാദവുമായി ചില അദാനി അനുകൂലികൾ എഴുന്നേറ്റതോടെ സംഘർഷമായി. ഒടുവിൽ യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയ ഉദ്യോഗസ്ഥർ സർക്കാരിന് എന്ത് റിപ്പോർട്ടാണ് നൽകുന്നത് എന്ന ഉത്കണ്ഠയിലാണ് നാട്ടുകാർ.

പരിസ്ഥിതി പ്രാധാന്യമുള്ള നാട്

പശ്ചിമഘട്ട താഴ്വരയുടെ ഭാഗവും കോന്നി - അച്ചൻകോവിൽ വനത്തിന് തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന 43000 ലധികം ജനസംഖ്യയുള്ള നാടാണ് കലഞ്ഞൂർ. 1970 വരെ വനനിബിഢമായിരുന്ന കലഞ്ഞൂരിൽ പ്ളാന്റേഷൻ കോർപ്പറേഷൻ ആദ്യം കരിമ്പും പിന്നീട് റബറും കൃഷിചെയ്ത് പ്രദേശത്തെ കാലാവസ്ഥയിലും തൊഴിൽരംഗത്തും മാറ്റങ്ങളുണ്ടാക്കി. കൂറ്റൻ കരിമ്പാറകൾ അടങ്ങിയ മലകൾ, അടിവാരങ്ങളിലെ നെൽവയൽ, അതിന്റെ ഓരത്തുകൂടി ഒഴുകുന്ന നീർച്ചാലുകൾ, കുളങ്ങൾ, ചിറ, കിഴക്കൻ മലകളിൽ നിന്ന് ഒഴുകുന്ന രണ്ടുതോടുകൾ തുടങ്ങിയവ ഗ്രാമത്തെ ജലസമ്പന്നമാക്കി. ഗുണനിലവാരമുള്ള പാറകൾ കച്ചവടക്കണ്ണോടെ വിലയ്ക്കു വാങ്ങിയവർ 1992 മുതൽ ഖനനം തുടങ്ങി. വൻകിട ക്വാറി മുതലാളിമാർ കലഞ്ഞൂരിൽ തമ്പടിച്ചു. ഖനനത്തിന്റെ പ്രത്യാഘാതം രോഗങ്ങളായി ഏറ്റുവാങ്ങിയ നാട്ടുകാർ സമരമുഖങ്ങൾ തുറന്നെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങൾ ഒഴിഞ്ഞു നിന്നു. സംഘടിതരൂപമോ നേതാവോ ഇല്ലാതെ ജ്വലിച്ചുയർന്ന സമരങ്ങളുടെ കനലുകൾ ഒാരോന്നായി അണഞ്ഞു കൊണ്ടിരുന്നു. ദാരിദ്ര്യം പേറി ജീവിച്ച സമരഭടൻമാരിൽ ചില ക്വാറി മാഫിയകളുടെ സഹായത്തിൽ സാമ്പത്തിക ഉന്നമനം നേടി. പരിസ്ഥിതിയെപ്പറ്റിയും ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും ബോദ്ധ്യമുള്ളവർ ഒറ്റയ്ക്കും കൂട്ടായും നാട്ടിൽ പ്രതിഷേധത്തിന്റെ മുഴക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, അവർക്ക് ആൾക്കൂട്ടങ്ങളുടെ പിന്തുണയില്ല. അവരെ ക്വാറി മാഫിയകൾ ഭീഷണിപ്പെടുത്തുന്നു. നാടിന്റെ പരിസ്ഥിതിയും പൈതൃകവും കാക്കാൻ കഥകൾ പറഞ്ഞും കവിത ചൊല്ലിയും മലമുഴക്കികൾ എന്ന സംഘടനയാണ് ഇപ്പോൾ രംഗത്തുള്ളത്. രാഷ്ട്രീയത്തിന്റെ കൊടിയടയാളമില്ലാതെ ഹൃദയങ്ങളെ തൊട്ടുണർത്തിയും ഒരുമിച്ചു നിർത്തിയുമുള്ള പോരാട്ടം ഇനി മുന്നേറിയില്ലെങ്കിൽ കലഞ്ഞൂരിന്റെ പരിസ്ഥിതിയ്ക്ക് പശ്ചിമഘട്ടം മരണവാതിൽ തുറക്കും.