സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നാണ് 2020 സെപ്തംബർ വരെയുള്ള കണക്കുകൾ കാണിക്കുന്നത്. 173 കുട്ടികളാണ് അതുവരെ ആത്മഹത്യ ചെയ്തത്. പരീക്ഷാ ഭയം, കുടുംബത്തിലെ കലഹങ്ങൾ, പ്രണയ പരാജയം, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം, അപകർഷതാബോധം, അപ്രതീക്ഷിത സംഭവങ്ങൾ മൂലമുണ്ടാകുന്ന വിഭ്രാന്തി, നിരാശ, കുറ്റബോധം, ലൈംഗിക ചൂഷണത്തിനിരയാകൽ, ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗം തുടങ്ങി നിരവധി കാര്യങ്ങൾ ആത്മഹത്യയിലേക്കു നയിക്കുന്നു. കുട്ടികളുടെ ദുർബലമായ മാനസികാരോഗ്യത്തെയാണ് ഇത് കാണിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷം പേരും അതിനു മുമ്പ് അതിന്റെ സൂചനകൾ പ്രകടിപ്പിക്കാറുണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ, രക്ഷിതാക്കൾക്കോ വളരെ അടുത്തിടപഴകുന്നവർക്കോ പോലും കുട്ടിയുടെ ഇത്തരം പെരുമാറ്റ പ്രശ്‌നങ്ങളും മാനസികാവസ്ഥയും തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നതാണ് സത്യം.
രക്ഷിതാക്കൾ ജാഗ്രത പുലർത്തുക
ഒറ്റപ്പെടൽ അനുഭവിക്കുന്ന കുട്ടികളിലാണ് ആത്മഹത്യാ പ്രവണത കൂടുതലായി കണ്ടുവരുന്നത്. മാതാപിതാക്കൾ അവരുമായി ആരോഗ്യകരമായ ബന്ധം പുലർത്തുകയും നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. മാനസിക സമ്മർദ്ദവും വിഷാദവും കുറയ്ക്കുന്നതിന് സാമൂഹിക പിന്തുണ സഹായിക്കും. അമിതമായ നിയന്ത്രണങ്ങളും രക്ഷിതാക്കളുടെ താത്പര്യങ്ങളും കുട്ടിയിൽ അടിച്ചേൽപ്പിക്കാതിരിക്കുക. രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും അവർക്ക് അവസരം നൽകണം. കുട്ടിയെ മറ്റൊരാളുമായി താരതമ്യം ചെയ്യാതിരിക്കുക. ഓരോരുത്തർക്കും അവരുടേതായ ഒരിടം ഉണ്ടെന്ന ബോധം അവരിൽ ജനിപ്പിക്കുക.സ്‌നേഹവും കരുതലും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവർക്ക് അനുഭവവേദ്യമാക്കുക. കുട്ടികൾ പറയുന്ന കാര്യങ്ങൾ സമാധാനപരമായി കേൾക്കുക. അതിനെ തടസപ്പെടുത്തുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കുക. താൻ പറയുന്നതു കേൾക്കാൻ ആളുണ്ട് എന്ന തോന്നൽ അവരിൽ സൃഷ്ടിക്കണം. ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, എല്ലാ കാര്യങ്ങളിലും മെല്ലെപ്പോക്ക്, മരണത്തെ പറ്റിയുള്ള ചിന്തകൾ, നിരാശാബോധം, പെട്ടെന്നുള്ള ദേഷ്യം, തുടർച്ചയായ വിഷാദ ഭാവം, അകാരണമായ ക്ഷീണം, താത്പര്യക്കുറവ് തുടങ്ങി കുട്ടികളുടെ തുടർച്ചയായ ശാരീരിക പെരുമാറ്റ പ്രശ്‌നങ്ങൾ രക്ഷിതാവ് തിരിച്ചറിയണം. തെറ്റായ ധാരണകൾ തിരുത്തി കൊടുക്കാനും അവർക്ക് ആത്മവിശ്വാസം നൽകാനും ശ്രമിക്കണം. അവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം ഉപയോഗപ്പെടുത്തുകയും വേണം. കൊവിഡ് കാലത്തെ കുട്ടികളുടെ ഓൺലൈൻ പഠനവും, കൂട്ടുകാരിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമുള്ള ഒറ്റപ്പെടലുകളും ഒരുവിഭാഗം കുട്ടികളിലെങ്കിലും മാനസികാസ്വാസ്ഥ്യവും സമ്മർദവും സൃഷ്ടിക്കുന്നുണ്ടാകാം. ഇതു കൂടി മനസിലാക്കി രക്ഷിതാക്കൾ കുട്ടികളോട് ഇടപെടുകയാണ് വേണ്ടത്.