ഇലന്തൂർ : ഇലന്തൂർ പഞ്ചായത്തിൽ മോഷണവും മോഷണശ്രമവും വ്യാപകമായതോടെ ജനം ഭീതിയിൽ.
ആൾത്താമസമില്ലാത്ത വീടുകളാണ് മോഷ്ടാക്കളുടെ ലക്ഷ്യം. കഴിഞ്ഞ 14 ന് വല്യവട്ടത്ത് പേർക്കോട്ട് വീട്ടമ്മ ആശുപത്രിയിലായ തക്കം നോക്കി വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ അപഹരിച്ചിരുന്നു. ഇതിന്പിന്നാലെ കഴിഞ്ഞ ദിവസം ഇൗ ഭാഗത്തെ ഞുണ്ണിക്കൽ ഏബ്രഹാം തോമസിന്റെ വീട്ടിൽ മോഷണശ്രമം നടന്നു.
ഉടമസ്ഥർ വിദേശത്തായതിനാൽ അടഞ്ഞു കിടന്ന വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഒന്നും അപഹരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വീടിന്റെ സൂക്ഷിപ്പുകാരൻ രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ആറന്മുള എസ്.ഐ. കെ. ദ്വിജേഷിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.