 
തിരുവല്ല: മലങ്കര മാർത്തോമ സഭാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് എൻ.സി.സിയുടെ ആദരവ്. സ്‌കൂൾ, കോളേജ് തലങ്ങളിൽ എൻ.സി.സി കേഡറ്റായിരുന്നു മെത്രാപ്പോലീത്താ. ആദരവോടെ സമ്മാനിച്ച ഫലകത്തിൽ ആലേഖനം ചെയ്യിതിരുന്ന എൻ.സി.സി യൂണിഫോമണിഞ്ഞ തന്റെ പഴയ ചിത്രം ഓർമ്മകളിലേക്ക് അദ്ദേഹത്തെ നയിച്ചു.
ആർമി മെഡിക്കൽ കോറിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു ക്യാപ്ടനായി വിരമിച്ച പിതാവിൽ നിന്ന് ലഭിച്ച മാർഗ ദർശനവും സൈനിക സംസ്‌കാരവുമാണ് കൈമുതലാക്കിയത്. തിരുവല്ല മാർത്തോമ്മ കോളേജിൽ സീനിയർ അണ്ടർ ഓഫീസറും ഹോക്കി ടീം ക്യാപറ്റനുമായിരുന്ന കാലം ചടുലതയുടെയും ക്രീയാത്മകതയുടെതുമായിരുന്നു, ആനാളുകൾ എന്നും ഓർമ്മയിൽ തങ്ങിനിൽക്കും : - തിരുമേനി പറഞ്ഞു.
കോട്ടയം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽ കുമാർ.എൻ.വി, തിരുവല്ല എൻ.സി.സി ബറ്റാലിയൻ ഓഫീസർ കേണൽ മനീന്ദർ സിംഗ് സച്ച് ദേവ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ തോമസ് വർഗീസ്, കോഴഞ്ചേരി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. റോയ്‌സ് മല്ലശേരി, എൻ.സി.സി സ്റ്റാഫ് കെ.വി.വർഗീസ്, അസോസിയേറ്റ് എൻ.സി സി ഓഫീസർ ലഫ്റ്റനന്റ് റെയിസൺ സാം രാജു എന്നിവരടങ്ങുന്ന സംഘമാണ് തിരുമേനിയെ സന്ദർശിച്ചത്.