seminar
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിത്ത് സംഘടിപ്പിച്ച വിഷൻ 2025 വികസന ശില്പശാല കില ഡയറക്ടർ ഡോ.ജോയ് ഇളമൺ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പ്രളയവും കൊവിഡും ദുരിതത്തിലാക്കിയ പുളിക്കീഴ് ബ്ലോക്കിൽ നടന്ന വികസന ശിൽപശാലയിൽ ദുരന്തനിവാരണ പദ്ധതികൾക്ക് മുൻഗണന.
അഭ്യസ്തവിദ്യരായ മുഴുവൻപേർക്കും 5 വർഷംകൊണ്ട് തൊഴിൽ ഉറപ്പാക്കും. ഭിന്നശേഷിക്കാർ, ശിശു,വനിതാ,എസ്.സി/എസ്.ടി വിഭാഗങ്ങൾ,വയോജനങ്ങൾ എന്നിവർക്ക് പ്രഥമ പരിഗണന നൽകിയാണ് പദ്ധതികൾ തയ്യാറാക്കുക. ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ശില്പശാലക്ക് തുടർച്ചയായി 2021-22 വാർഷിക പദ്ധതികൾക്കായി ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന വികസന സെമിനാറിലെ നിർദ്ദേശങ്ങളും ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകരും ജനപ്രതിനിധികളും വീടുകൾ സന്ദർശിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങളും സ്വീകരിക്കും. വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ പ്രത്യേകം യോഗംചേർന്ന് കരട് നിർദ്ദേശങ്ങൾ ക്രോഡീകരിക്കും. തുടർന്ന് സമഗ്ര വികസനരേഖ പൂർത്തീകരിക്കും.

കില ഡയറക്ടർ ഡോ.ജോയ് ഇളമൺ ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഏബ്രഹാം, അംഗങ്ങളായ സോമൻ താമരച്ചാലിൽ, അനു സി.കെ, വിശാഖ് വെൺപാല, കെ.എസ്.രാജലക്ഷ്മി, ജിനു തോമ്പുംകുഴി, അഡ്വ.വിജി നൈനാൻ, രാജു പുളിമ്പളളി, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ജു എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സി.പി.സുനിൽ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ എസ്.വി.സുബിൻ, ചാത്തങ്കേരി സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ മാത്തുക്കുട്ടി എന്നിവർ കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചു.


കിലയുടെ സഹായവും


പുളിക്കീഴ് ബ്ലോക്ക് അടിസ്ഥാനത്തിൽ സമഗ്ര വികസനരേഖ തയ്യാറാക്കുന്നതിന് കേരള ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (കില) സഹായം ഉറപ്പാക്കുമെന്ന് കില ഡയറക്ടർ ഡോ.ജോയ് ഇളമൺ പറഞ്ഞു. ഇതുസംബന്ധിച്ച് പുളിക്കീഴിലെ ജനപ്രതിനിധികളുമായി കിലയിൽ വച്ച് പ്രാഥമിക ചർച്ചകൾ നടത്തും.