
പത്തനംതിട്ട : പൊലീസിന് കോന്നിയിലും റാന്നിയിലും സബ് ഡിവിഷണൽ ഓഫീസുകൾക്കുള്ള പ്രൊപ്പോസൽ നൽകി. സി.ഐ ഓഫീസുകൾക്ക് മുകളിലേക്ക് ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ട് പരാതികൾ ബോധിപ്പിക്കാനുള്ള അവസരമാണ് പുതിയ ഓഫീസുകളിലൂടെ ലഭിക്കുന്നത്.
സി.ഐ ഓഫീസുകളിൽ നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് സബ്ഡിവിഷണൽ ഓഫീസുകൾ ആരംഭിക്കാനാണ് തീരുമാനം.
ജില്ലയുടെ ആവശ്യത്തിനുള്ള സബ്ഡിവിഷണൽ ഓഫീസുകൾ നിലവിലില്ല. ഈ കുറവ് പരിഹരിക്കുകയാണ് പുതിയ ഓഫീസുകൾകൊണ്ട് ലക്ഷ്യമിടുന്നത്. ഗവിയടക്കമുള്ള വനപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പത്തനംതിട്ടയിൽ എത്തിയാൽ മാത്രമേ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കാണാനാവൂ. മറ്റുജില്ലകളെ അപേക്ഷിച്ച് പൊലീസ് സ്‌റ്റേഷനുകളുടെ ദൂരപരിധി കൂടുതലായ പത്തനംതിട്ട ജില്ലയ്ക്ക് പുതിയ ഡിവിഷണൽ ഓഫീസുകൾ മികച്ച സുരക്ഷ ഒരുക്കും.
റാന്നി സബ് ഡിവിഷനിൽ
നിലവിൽ തിരുവല്ല ഡിവിഷനിലെ റാന്നി, പെരുനാട്, പെരുമ്പെട്ടി, വെച്ചൂച്ചിറ തുടങ്ങിയ സ്റ്റേഷനുകളും പത്തനംതിട്ടയിലെ പമ്പയും.
കോന്നി സബ് ഡിവിഷനിൽ
അടൂർ ഡിവിഷനിൽ നിന്ന് കൂടൽ, കോന്നി, തണ്ണിത്തോടും ചിറ്റാർ, മൂഴിയാർ സ്റ്റേഷനുകൾ പത്തനംതിട്ടയിൽ നിന്നും ചേർത്തുമാണ് ഓഫീസുകൾ ക്രമീകരിക്കുക.