തിരുവല്ല: പ്രീ സ്‌കൂളുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിക്ക് സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തുടക്കമായി. ജില്ലകളിലെ തിരഞ്ഞെടുത്ത പൊതുവിദ്യാലയത്തിലെ പ്രീസ്‌കൂൾ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മാതൃകാ പ്രീസ്‌കൂളായി ഉയർത്തുന്നതാണ് പദ്ധതി. ജി.എൽ.പി.എസ്
അറന്തകുളങ്ങര സ്‌കൂളാണ് ജില്ലയിൽ മാതൃകാ പ്രീസ്‌കൂളായി തിരഞ്ഞെടുത്തിട്ടുള്ളത്. വിദ്യാഭ്യാസവകുപ്പ് 15 ലക്ഷം രൂപയാണ് ഓരോ പ്രീസ്‌കൂളിനും ആദ്യ ഗഡുവായി നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സമഗ്രശിക്ഷ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ കെ.ജെ.ഹരികുമാർ നിർവഹിച്ചു.
പ്രീസ്‌കൂൾ സംസ്ഥാനതല കോർഡിനേറ്റർ അമുൽ റോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സിന്ധു പി.എ പ്രസംഗിച്ചു.
ഡോ.ടി.പി.കലാധരൻ, ഡോ.ആർ.വിജയമോഹനൻ എന്നിവർ നേതൃത്വം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.