 
തിരുവല്ല: കുറ്റൂർ - മനയ്ക്കച്ചിറ- കിഴക്കൻമുത്തൂർ- മുത്തൂർ റോഡിലെ നാട്ടുകടവിൽ പുതിയ പാലത്തിന്റെ പണികൾ പൂർത്തിയായി. ഇതോടൊപ്പം ഇരുവശങ്ങളിലെയും പാടശേഖരങ്ങളിലേക്ക് റാമ്പുകളും പടിക്കെട്ടുകളും നിർമ്മിച്ച് പൊതുമരാമത്ത് അധികൃതർ കർഷകർക്ക് തുണയായി. കവിയൂർ പുഞ്ചയുടെ ഭാഗമായ പാടശേഖരങ്ങൾക്ക് നടുവിലൂടെയാണ് പാത കടന്നുപോകുന്നത്.പാടത്തേക്ക് ട്രാക്ടറും കൊയ്ത്തുമെഷീനും ഉൾപ്പെടെയുള്ളവ എത്തിക്കാൻ റാമ്പ് നിർമ്മിച്ചത് കർഷകർക്ക് ഗുണമാകും. കണ്ണോത്ത് കടവ്, വൈറ്റാട്, പടിഞ്ഞാറ്റുശേരി ഭാഗങ്ങളിലേക്കാണ് റോഡിന്റെ ഉയരത്തിൽ നിന്നും റാമ്പ് നിർമ്മിച്ചത്. കണ്ണോത്ത് കടവിലെ വലിയ വരമ്പിലേക്ക് പോകാൻ പടിക്കെട്ടുകളും നിർമ്മിച്ചിട്ടുണ്ട്. ഇവിടുത്തെ പാടശേഖര സമിതിയുടെ ആവശ്യപ്രകാരം പൊതുമരാമത്ത് അധികൃതരാണ് നിർമ്മാണം നടത്തിയത്. മണിമലയാറ്റിലെ കറ്റോട് നിന്നും കവിയൂർ പുഞ്ചയിലേക്കുള്ള തോടിന് കുറുകെയാണ് പുതിയ പാലം നിർമ്മിച്ചിട്ടുള്ളത്. 15മീറ്റർ നീളവും 10മീറ്റർ വീതിയുമുണ്ട് പുതിയ പാലത്തിന്. ഓടയും നടപ്പാതയുമെല്ലാം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൂർത്തിയാക്കും. തിരുവല്ലയിലെ ഔട്ടർ റിംഗ് റോഡിന്റെ നിർമ്മാണത്തോടനുബന്ധിച്ചാണ് ചെറിയ പാലം പൊളിച്ചുനീക്കി പുതിയ പാലം നിർമ്മിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 26 കോടി രൂപ ചെലവഴിച്ചാണ് കുറ്റൂർ - മനയ്ക്കച്ചിറ- കിഴക്കൻമുത്തൂർ- മുത്തൂർ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് നിർമ്മാണ ജോലികൾ നീണ്ടുപോയത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. എന്നാൽ ടാറിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ഇവിടുത്തെ പാടശേഖരത്തിലെ നെൽക്കൃഷിക്ക് ദോഷമുണ്ടാകാത്തവിധം വെള്ളം എത്തിക്കാനുള്ള നടപടികളും തുടങ്ങി.
-------------
തിരുവല്ല മുൻസിപ്പാലിറ്റിയിലെ കവിയൂർ പുഞ്ചയുടെ 350 ഏക്കർ പാടശേഖരത്തിലുള്ള 160 കർഷകർക്ക് നിർമ്മാണ പ്രവർത്തികൾ ഗുണകരമാകും. നെൽകൃഷിയുടെ കൊയ്ത്ത് അടുത്തമാസം അവസാനത്തോടെ തുടങ്ങും.
കെ.അനിൽകുമാർ
(പാടശേഖരസമിതി സെക്രട്ടറി)
-------------
നാലുമണി കാറ്റ് പദ്ധതിക്കും അനുയോജ്യം
നാട്ടുകടവിലെ പാലത്തിന്റെ പ്രകൃതിരമണീയമായ ഇരുവശങ്ങളിലും നാലുമണിക്കാറ്റ് പദ്ധതിക്ക് അനുയോജ്യമാണ്. റോഡിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുണ്ട്. ഇവിടെ തണൽമരങ്ങൾ നട്ടുവളർത്തി ഇരിപ്പിടങ്ങളും ലഘുഭക്ഷണശാലയുമൊക്കെ ഒരുക്കിയാൽ വൈകുന്നേരങ്ങളിൽ ഉല്ലസിക്കാനും സൗഹൃദങ്ങൾ പങ്കിടാനും ഉപയോഗപ്പെടുത്താം.
കർഷകർക്ക് തുണയായി റാമ്പും പടിക്കെട്ടുകളും
-------------
-പുതിയ പാലം കവിയൂർ പുഞ്ചിയിലെ തോടിന് കുറുകെ
-പാലത്തിന് 15മീറ്റർ നീളവും 10മീറ്റർ വീതിയും
-350 പാടശേഖരത്തിലുള്ള 160 കർഷകർക്ക് പ്രയോജനം