pp

പത്തനംതിട്ട: വിനോദ സഞ്ചാര മേഖലയിൽ ഏറെ വികസന സാദ്ധ്യതകളുണ്ട് ജില്ലയിൽ. പക്ഷേ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി) പദ്ധതികൾ പലതും ഇഴയുന്നു. ചിലത് ഫയലിൽത്തന്നെ. ആവശ്യത്തിന് ഫണ്ട് ലഭിച്ചിട്ടും ഇവ പൂർത്തിയാക്കാൻ കഴിയുന്നില്ല. പൂർത്തിയാകാത്തതും പൂട്ടിക്കിടക്കുന്നതുമായി പതിനഞ്ചോളമുണ്ട് പദ്ധതികൾ. പടയണിഗ്രാമം മുതൽ കുട്ടവഞ്ചി, ശബരിമല ടൂറിസം വികസന പദ്ധതികൾ വരെ ഇതിലുണ്ട്. ചില പദ്ധതികൾ പൂർത്തിയാക്കാത്തതിനാൽ തുക സർക്കാർ തിരിച്ചുപിടിക്കുകയും ചെയ്തു. 2019 ആഗസ്റ്റിൽ ഡി.ടി.പി.സി എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച വികസന പദ്ധതികൾ തുടക്കത്തിൽ നിന്ന് മുന്നോട്ടു നീങ്ങിയിട്ടില്ല. അത്തരം പദ്ധതികളിലേക്ക് ഒരന്വേഷണം:

പടികടക്കാത്ത പദ്ധതികൾ

1.ഭിന്നശേഷിക്കാർക്ക് ബാര്യർ ഫ്രീ ടൂറിസം

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും എത്തിച്ചേരാൻ വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ബാര്യർ ഫ്രീ ടൂറിസം പദ്ധതി ജില്ലയിൽ ഫലപ്രദമായി നടപ്പാക്കിയില്ല. അടൂർ പുതിയകാവിൽചിറയിലും തിരുവല്ല സത്രത്തിലും 17.4 ലക്ഷം രൂപ ചെലവാക്കി. കോന്നി ആനത്താവളം, മലയാലപ്പുഴ, പെരുന്തേനരുവി, ആറൻമുള സത്രം, വടശേരിക്കര എന്നിവിടങ്ങളിൽ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും നടപ്പായില്ല

2.ആറൻമുള ഫെസിലിറ്റേഷൻ സെന്റർ

2018 പ്രളയത്തിൽ തകർന്ന ആറൻമുള ഫെസിലിറ്റേഷൻ സെന്റർ പുനരുദ്ധരിക്കാൻ ആദ്യഘട്ടത്തിൽ 13 ലക്ഷം അനുവദിച്ചിരുന്നു. ഇപ്പോഴും അത് പൂട്ടിക്കിടക്കുകയാണ്. ആറൻമുളയിൽ നടന്ന ഉദ്ഖനനത്തിൽ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കൾ ഇവിടെ സംരക്ഷിക്കാനായിരുന്നു നിർദേശം.

3 വടശേരിക്കര വിശ്രമകേന്ദ്രം

പ്രളയത്തെ തുടർന്ന് പുനരുദ്ധാരണം കാര്യമായി നടന്നില്ല. കുറേനാൾ കുടുംബശ്രീ ഹോട്ടൽ നടത്തി. ഫുഡ്ക്രാഫ്റ്റ് സ്കൂൾ തുടങ്ങാനുള്ള പുതിയ നിർദേശം നടപ്പിക്കാനായില്ല.

4.നെടുംകുന്ന് മലനട

ഏറത്ത് പഞ്ചായത്തിൽ 16ാം വാർഡിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന രീതിൽ നെടുംകുന്ന് മലയിൽ വിനോദ സഞ്ചാര പദ്ധതി നടപ്പാക്കാൻ 1.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. മൊത്തം മൂന്ന് കോടിയുടേതായിരുന്നു പദ്ധതി. സ്ഥലം ഏറ്റെടുപ്പ് അടക്കമുളള തുടർ നടപടികൾക്ക് ഡി.ടി.പി.സി താൽപ്പര്യം കാട്ടിയില്ല.

5.ആങ്ങമൂഴി കുട്ടവഞ്ചി സവാരി

ആങ്ങമൂഴിയിൽ അടവി മാതൃകയിൽ കുട്ടവഞ്ചി സവാരി നടത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിന് ഒരു കോടി അനുവദിച്ചെങ്കിലും ഒരു നട‌പടിയുമുണ്ടായില്ല. വനംവകുപ്പിന്റെ തടസം നീക്കാൻ ഇടപെടൽ ഉണ്ടായതുമില്ല.

6.ശബരിമല പുണ്യദർശനം കോംപ്ളക്സ്

ശബരിമല തീർത്ഥാടകർക്ക് വിശ്രമത്തിനായി പുണ്യ ദർശനം കോംപ്ളക്സ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല ഡി.ടി.പി.സിക്കായിരുന്നു. മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തതാണ്. 4.99 കോടിയുടെ പദ്ധതി നടപ്പക്കാൻ ശ്രമമുണ്ടായില്ല.

7.കടമ്മനിട്ട പടയണിഗ്രാമം

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ 2015ലാണ് പടയണി ഗ്രാമം പദ്ധതിക്ക് തറക്കല്ലിട്ടത്. മുളകൊണ്ട് പ്രകൃതിദത്തമായി രീതിയിൽ നിർമ്മിച്ച ഗസ്റ്റ്ഹൗസുകൾക്ക് സംരക്ഷണമില്ലാതെ പെട്ടന്ന് ജീർണത ബാധിച്ചു. പദ്ധതി പ്രദേശം കാടുകയറി.

---------------

പ്രതികരിക്കാതെ ഡി.ടി.പി.സി

നിലവിലെ ടൂറിസം പദ്ധതികൾ സംബന്ധിച്ച് വിശദീകരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഡി.ടി.പി.സി. വിനോദ സഞ്ചാര വികസനത്തിന് നേതൃത്വം കൊടുക്കേണ്ട ഡി.ടി.പി.സിയുടെ തലപ്പത്ത് പലപ്പാേഴും ഭരണപക്ഷത്തിന്റെ നോമിനികളാണ് എത്തുന്നത്. നിലവിലെ സെക്രട്ടറി ടൂറിസം വികസനവുമായി ബന്ധമില്ലത്ത അദ്ധ്യാപകനാണ്.