പത്തനംതിട്ട : കൊവിഡ് ആശുപത്രിയായതോടെ ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കാൻസർ ചികിത്സ ഒ.പി മാത്രമായി ചുരുങ്ങി. 52 പേർ വരെ ദിവസവും ഒ.പിയിൽ എത്തുന്നുണ്ട്.12 കിടക്കകളുള്ള വാർഡായിരുന്നു കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ. മുമ്പ് ഇവിടെയുണ്ടായിരുന്നവർ മറ്റ് ആശുപത്രിയിലേക്ക് മാറി. കൊവിഡ് ആയതിനാൽ ഡോക്ടടർമാരുടെ വലിയ ക്ഷാമവും ഇവിടുണ്ട്. എന്നാൽ കാൻസർ പെൻഷൻ സർട്ടിഫിക്കറ്റുകൾക്ക് സർക്കാർ ആശുപത്രിയെ ആശ്രയിക്കേണ്ടി വരും. കോട്ടയം മെഡിക്കൽ കോളേജിലും ആർ.സി.സിയിലുമാണ് ഇപ്പോൾ രോഗികൾ പോകുന്നത്. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർക്കാണ് കാൻസർ പെൻഷൻ ലഭിക്കുന്നത്. കോഴഞ്ചേരി കൊവിഡ് ആശുപത്രി ആക്കിയതോടെ പാവപ്പെട്ട രോഗികൾ ആശങ്കയിലാണ്.

"ഒ.പി പ്രവർത്തിക്കുന്നുണ്ട്. കീമോ തെറാപ്പിയും നടക്കുന്നുണ്ട്. പുറത്ത് നിന്നും കീമോ ചെയ്യാൻ എത്താറുണ്ട്. മരുന്നു വിതരണവും മുടങ്ങിയിട്ടില്ല. കൊവിഡ് രോഗികൾ ഉള്ളതാണ് കിടത്തി ചികിത്സ ഒഴിവാക്കിയത്.

ഡോ.പ്രതിഭ

ജില്ലാ ആശുപത്രി സൂപ്രണ്ട്

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കാൻസർ ഒ.പിയുണ്ട്.പക്ഷേ ചികിത്സാ പെൻഷനും കാൻസർ പെൻഷനും ആവശ്യമായ സർട്ടിഫിക്കറ്റുകൾ വേണമെങ്കിൽ ജില്ലാ ആശുപത്രിയെ സമീപിക്കണം. നിലവിൽ ആർ.സി.സിയിലും കോട്ടയത്തുമാണ് രോഗികൾ പോകുന്നത്. ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി ആയതിനാൽ പ്രതിരോധ ശേഷി കുറവായ കാൻസർ രോഗികൾക്ക് അവിടേക്ക് പോകാൻ ഭയമാണ്. നിലവിൽ മുഖ്യമന്ത്രിയ്ക്കും എം.എൽ.എയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഉചിതമായ തീരുമാനം എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ബിജു തുണ്ടിൽ

(ജീവനം കാൻസർ സൊസൈറ്റി

സംസ്ഥാന ജനറൽ സെക്രട്ടറി)