 
അടൂർ : കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനും വിപുലമായ സൗകര്യം ഒരുക്കി അടൂർ നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി. നിർമ്മാണോദ്ഘാടനം 5 ന് ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവഹിക്കും. നഗരസഭാ ചെയർമാൻ ഡി. സജി അദ്ധ്യക്ഷതവഹിക്കും.
.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർമ്മിച്ച ശൗചാലയം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വയൽ നികത്തിയാണ് കെ. എസ്. ആർ. ടി. സി സ്റ്റാന്റ് നിർമ്മിച്ചിരിക്കുന്നത്. മഴക്കാലമാകുന്നതോടെ ടാങ്ക് നിറയും. ഇതുമൂലം കരാറുകാർ ഇതിൽ നിന്ന് പിൻമാറിയതോടെ ഭാഗികമായി അടച്ചിടേണ്ടി വന്നു.
മുമ്പ് സ്റ്റേഷൻമാസ്റ്റർ ഒാഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ പിന്നിലുള്ള ശുചിമുറി യുള്ള സ്ഥലത്താണ് ഹാബിറ്റാറ്റ് രൂപകൽപ്പന നൽകിയിരിക്കുന്നത്. മഴക്കാലത്ത് വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ട് മൂന്ന് മീറ്റർ ഉയരത്തിലാകും പടിക്കെട്ടുകളോടെ കൂടിയ വിശ്രമകേന്ദ്രം നിർമ്മിക്കുക.
യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച് വസ്ത്രം മാറി ലഘുഭക്ഷണ ശാലയിൽ നിന്ന് ഭക്ഷണവും കഴിക്കാം. ഇതിനായി നഗരത്തിലെത്തി മുറിയെടുക്കേണ്ട സാഹചര്യം ഒഴിവാകും.
നഗരസഭയുടെ ചുമതലയിൽ ശുചീകരണ സംവിധാനമുണ്ടാകും
------------
നിർമ്മാണ ചെലവ് : 5 ലക്ഷം രൂപ
സൗകര്യങ്ങൾ
റിസപ്ഷൻ
സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 4 വീതം ശുചിമുറികൾ
കുളിക്കുന്നതിന് ഷവർ സംവിധാനങ്ങളോടെ ഒാരോ മുറികൾ
സ്ത്രീകളുടെ വിശ്രമമുറിയോടെ ചേർന്ന് മുലയൂട്ടാൻ പ്രത്യേക ഇടം.
ഒന്നുവീതം ഡ്രസിംഗ് റൂം.
11 യൂറിനൽ
ലഘുഭക്ഷണശാല.
ക്ളോക്ക്റൂം.
---------------------
" നിർമ്മാണോദ്ഘാടനം കഴിയുന്ന മുറയ്ക്ക് സമയബന്ധതമായി നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കും. ഇതിനുള്ള കരാർ ഹാബിറ്റാറ്റുമായി ഉറപ്പിച്ചു കഴിഞ്ഞു. "
ഡി. സജി,
നഗരസഭാ ചെയർമാൻ