ve

കോഴഞ്ചേരി : ജില്ലയിൽ സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ തുടങ്ങാൻ അനർട്ടിന് പദ്ധതി. തിരുവല്ല, അടൂർ, പന്തളം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
സ്ഥലം ഉപയോഗിക്കാനുള്ള എൻ.ഒ. സി. സർക്കാർ സ്ഥാപനങ്ങൾ നൽകിയാൽ സൗജന്യമായി ചാർജിങ് സ്റ്റേഷൻ നിർമ്മിച്ചു നൽകും. തിരുവല്ലയിൽ ഡി.ടി.പി.സി. യുടെ ഉടമസ്ഥതയിലുള്ള സത്രം കോംപ്ലക്‌സിൽ സ്ഥലം വിട്ടുനൽകുന്നതിന് തഹസീൽദാരുടെ റിപ്പോർട്ടിന് ജില്ലാ കളക്ടർ ഇനി അന്തിമ അനുമതി നൽകേണ്ട താമസമേയുള്ളൂ പദ്ധതി പ്രാവർത്തികമാകാൻ.
72 കിലോവാട്ട് ശേഷിയുള്ള ട്രാൻസ്‌ഫോർമറാണ് പദ്ധതി പ്രദേശത്ത് സ്ഥാപിക്കുക.
തിരുവല്ലയ്ക്ക് പുറമെ അടൂർ പുതിയകാവിൽ ചിറയിലെ ഡി.ടി.പി.സിയുടെ ഭൂമി, പന്തളം കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം എന്നിവിടങ്ങളാണ് ചാർജിങ് സ്റ്റേഷന് തിരഞ്ഞെടുത്തിരിക്കുന്നത്.
സ്റ്റേഷന് കുറഞ്ഞത് 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലം വേണം. പരമാവധി 3 വാഹനങ്ങൾ ഒരേ സമയം ചാർജ് ചെയ്യാനുള്ള സൗകര്യമാണ് തുടക്കത്തിൽ ഒരുക്കുന്നത്.
ചാർജിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിന് 10 അനുമതിയാണ് അനെർട്ടിന് വേണ്ടത്. ഉപകരണങ്ങൾ അനർട്ട് സ്ഥാപിക്കും. അറ്റകുറ്റപ്പണികളും ചെയ്യും.
വേഗത്തിൽ ചാർജ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുക.
ഭാവിയിൽ വൈദ്യുത വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് സ്റ്റേഷനുകളുടെ പ്രവർത്തന ശേഷിയും വർദ്ധിപ്പിക്കാനാണ് തീരുമാനം. പൊതുജനങ്ങളുടെ വാഹനങ്ങളും ഇവിടെ ചാർജ് ചെയ്യാനാകും. ഫീസ് പിന്നീട് തീരുമാനിക്കും.

സ്വന്തം ചെലവിൽ സ്വകാര്യ വ്യക്തികൾക്കും ചാർജിങ് സ്റ്റേഷൻ ആരംഭിക്കാം. സാങ്കേതിക സഹായം അനർട്ട് നൽകും. ഇതിന് അപേക്ഷ നൽകിയാൽ മതിയാകും.
:.സാധാരണ വീടുകളിൽ നിന്ന് വാഹനങ്ങൾ പൂർണമായും ചാർജ് ചെയ്യാൻ 6 മുതൽ 9 മണിക്കൂർ വരെ സമയം എടുക്കുമെങ്കിൽ അനെർട്ടിന്റെ ചാർജിങ് സ്‌റ്റേഷനിൽ നിന്ന് ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ മതിയാകും.
ജില്ലയിൽ ചാർജിങ് സ്റ്റേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ഈ ഫോൺ നമ്പരിൽ ബന്ധപ്പെട്ടാൽ മതി. 9188119403.

----------

അനർട്ടിന്റെ പദ്ധതി

ആദ്യഘട്ടത്തിൽ തിരുവല്ല, അടൂർ, പന്തളം