1

കടമ്പനാട് : വർഷം പതിനഞ്ചു കഴി‌ഞ്ഞിട്ടും മണ്ണടിയിലെ വേലുത്തമ്പി ദളവ പ്രതിമയുടെ ഉദ്ഘാടനം നടന്നില്ല. പ്രതിമയുടെ താഴെയുള്ള ഫലകത്തിൽ അനാച്ഛാനം ചെയ്യുന്നതിന്റെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്..

വേലുത്തമ്പി ദളവയുടെ ആത്മഹൂതികൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ച മണ്ണടിയിൽ 1.40 ഏക്കർ സ്ഥലത്താണ് മ്യൂസിയം. ഇവിടെയാണ് വെങ്കല പ്രതിമ. 2006 ൽ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്തി എത്തുമെന്നാണ് അന്ന് പറഞ്ഞത് . പക്ഷേ നടന്നില്ല. . 2010 ഫെബ്രുവരി 14 ന് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ ഏക ചരിത്ര മ്യൂസിയമാണിത്. കെട്ടിടം പണിതു നൽകിയത് ജില്ലാ പഞ്ചായത്താണ് . പുരാവസ്തു വകുപ്പിന്റെ കൊട്ടാരക്കര തമ്പുരാൻ മ്യൂസിയത്തിന് കീഴിലാണ് മണ്ണടി മ്യൂസിയം. കൊട്ടാരക്കരയിലെ മ്യൂസിയം അസിസ്റ്റന്റിനാണ് ചുമതല. മണ്ണടി മ്യൂസിയത്തിന്റെ കീഴിലാണ് കവിയൂർ ഗുഹാ ക്ഷേത്രം..എന്നിട്ടും ജില്ലാ പൈതൃക മ്യൂസിയ പദവി നൽകിയില്ല.

അവഗണനയുടെ മ്യൂസിയം

കൽപ്രതിമകൾ, ഫോട്ടോകൾ, നാണയങ്ങൾ, പഴയകാല രേഖകളുടെ കോപ്പികൾ എന്നിവമാത്രമാണ് മ്യൂസിയത്തിലുള്ളത്. രാജഭരണ കാലത്ത് വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന ചിത്രവധക്കൂടാണ് കൗതുകമുണർത്തുന്ന ഏക പുരാവസ്തു . നാണയം പ്രദർശിപ്പിക്കാൻ വച്ചിരിക്കുന്ന തട്ടുകൾ ദ്രവിച്ച് ഇളകിവീണു.

ചരിത്രമുറങ്ങുന്ന മണ്ണടി

പുരാതന കാലത്തേക്ക് വെളിച്ചംവീശുന്ന ചരിത്രാവശിഷ്ടങ്ങൾ നിരവധിയുണ്ട് മണ്ണടിയിൽ. കല്ലടയാറിന്റെ തീരത്ത് 1000 വർഷത്തിലധികം പഴക്കമുള്ള കാമ്പിത്താൻ കൽമണ്ഡപമുണ്ട്. തഞ്ചാവൂർ ശില്പകലാ മാതൃകയിൽ ഒറ്റക്കല്ലിൽ തീർത്ത മണ്ഡപമാണിത്. മണ്ണടി ദേവിയുടെ പ്രതിപുരുഷനായിരുന്ന കാമ്പിത്താന്റെ സ്മരണാർത്ഥം പണി കഴിപ്പിച്ചതാണിതെന്ന വാമൊഴി ചരിത്രവും നാട്ടുകാർക്കിടയിലുണ്ട്. ഈ മണ്ഡപവും പുരാവസ്തു വകുപ്പ് ഏറ്റെടുത്തതാണ് . മ്യൂസിയം വളപ്പിൽ ത്തന്നെ പഠന ഗവേഷണങ്ങൾക്കായി ലൈബറിസ്ഥാപിക്കാൻ 50 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം പണിതു . ലൈബ്രറി സ്ഥാപിച്ചില്ലെങ്കിലും ലൈബ്രറിയുടെ ഉദ്ഘാടനം നടത്തിയിട്ട് രണ്ട് വർഷമായി.

വേലുത്തമ്പിദളവയുടെ ഉടവാൾ തിരുവനന്തപുരം നേപിയർ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് മണ്ണടി മ്യൂസിയത്തിൽ എത്തിക്കണമെന്ന് ആവശ്യമുണ്ട്. വേലുത്തമ്പിയുടെ ജന്മസ്ഥലമായ തലക്കുളത്തേക്ക് കുണ്ടറ വഴി മണ്ണടിയിൽ നിന്ന് കെ.എസ്.ആർ ടി സി ബസ് സർവീസ് ആരംഭിച്ചിരുന്നു. ഇപ്പോഴതില്ല.