 
റാന്നി : മന്ദിരംപടിയിലെ റേഷൻ കടയുടെ ഗോഡൗണിൽ പുഴുവരിച്ച അരിച്ചാക്ക് കണ്ടെത്തിയ സ്ഥലത്ത് താലൂക്ക് സപ്ലൈ ഓഫീസർ പരിശോധന നടത്തിയെങ്കിലും ചാക്ക് കണ്ടെത്താനായില്ല. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. റാന്നി പഞ്ചായത്തിലെ നാലാം വാർഡിലെ 28ാം നമ്പർ മന്ദിരം പടിയിലെ റേഷൻ കടയുടെ ഗോഡൗണിലാണ് അരിച്ചാക്കുകൾ പുഴു കയറി നശിച്ച നിലയിൽ കണ്ടെത്തിയത്. ഗോഡൗണിൽ അടുക്കി വച്ചിരിക്കുന്ന മുപ്പതോളം അരിച്ചാക്കുകൾ മുഴുവനും നശിച്ച് ഉപയോഗശൂന്യമായ നിലയിലായിരുന്നു. വർഷങ്ങളായി ഈ ഗോഡൗണിനോട് ചേർന്നാണ് റേഷൻ കടയും പ്രവർത്തിച്ചിരുന്നത്. അടുത്ത സമയത്ത് സമീപ കെട്ടിടത്തിലേക്ക് കട മാറ്റി സ്ഥാപിച്ചു. റേഷൻ കട ലൈസൻസി പൂഴ്ത്തിവച്ച അരിയാണിതെന്നാണ് നാട്ടുകാരുടെ ആരോപണം.
മുൻപും ക്രമക്കേടുകൾ കണ്ടെത്തിയതിന് നടപടി വാങ്ങിയാളാണ് ലൈസൻസി എന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതുവരെ നടപടിയെടുത്തതായി സൂചനയില്ല.