പത്തനംതിട്ട: ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ റൈഫിൾ മീറ്റ് 10, 11 തീയതികളിൽ റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
റൈഫിൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി ടി.എൽ. റെഡ്ഡി പത്തിനു രാവിലെ ഒമ്പതിന് മീറ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ സെക്രട്ടറി ഡോ. ജഗൻ മോഹൻ, എ.ഡി.എം ഇ.എം. സഫിർ, റോയി മാത്യു എന്നിവർ പ്രസംഗിക്കും.
ജില്ലയിൽ ആദ്യമായി നടത്തുന്ന ജില്ലാ തല റൈഫിൾ മീറ്റാണിത്. കോളേജ്, സ്‌കൂൾ കുട്ടികളെ ജില്ലാ,സംസ്ഥാന, ദേശീയ തലങ്ങളിൽ ഷൂട്ടിംഗ് ഇനത്തിൽ പങ്കാളികളാക്കാൻ എല്ലാ സ്‌കൂളുകളിലും കോളജുകളിലും റൈഫിൾ ക്ലബുകൾ സംഘടിപ്പിപ്പിക്കും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്‌കൂളുകൾക്ക് സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടുകൂടി പ്രവർത്തിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കും. ജില്ലയിലെ ട്രൈബൽ സ്‌കൂളുകൾക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും നല്കും. രണ്ടുവർഷത്തിനകം ജില്ലയിൽ ഷൂട്ടിംഗ് റേഞ്ച് നിർമിക്കും. മത്സരത്തിൽ മുമ്പു പങ്കെടുത്തു പരിചയമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ 9744401133,
പ്രോഗ്രാം കോർഡിനേറ്റർ മനോജ് ജെ.കല്ലുകുളം, സെക്രട്ടറി ഡോ. ജഗൻമോഹൻ, പ്രസിഡന്റ് റോയി മാത്യൂ, പ്രിൻസ് മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.