കൊടുമൺ: പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന എം.ബീറ്റ് പദ്ധതിയുമായി ജനമൈത്രി പൊലീസ്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊലീസ് ഉദ്യേഗസ്ഥർ നടത്തുന്ന പ്രധാന പ്രവർത്തനമാണ് ജനമൈത്രി ബീറ്റ് . മുൻകാലങ്ങളിൽ ബീറ്റ് ഓഫീസർമാർ വീടുകൾ നേരിടെത്തി വീടുകളുടെയും താമസക്കാരുടെയും വിവിധ വിവരങ്ങൾ ശേഖരിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനമൈത്രി സംവിധാനം കൂടുതൽ കാര്യക്ഷമമയായപ്പോൾ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിന് നടപ്പാക്കിയതാണ് എം.ബീറ്റ് പദ്ധതി. മൊബൈൽ വഴി വിവരശേഖരണം നടത്തുന്നതിനാലാണ് പദ്ധതിക്ക് എം.ബീറ്റ് എന്ന് പേര് നൽകിയത്. 2020 മാർച്ച് മൂന്നിനാണ് സംസ്ഥാനത്തൊട്ടാകെ ഇത് നടപ്പാക്കി തുടങ്ങിയത്. എന്നാൽ കൊവിഡ് കാരണം നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങി. വീടുകൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, ട്രൈബൽ കോളനികൾ , അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പേര്, വിലാസം, തൊഴിൽ,ആധാർ,റേഷൻ കാർഡ് നമ്പരുകൾ, രാജ്യത്തും വിദേശത്തും ജോലിയുള്ളവരുടെ വിവരങ്ങൾ തുടങ്ങിയുള്ള കാര്യങ്ങൾ ഡിജിറ്റലായി ശേഖരിക്കാൻ തുടങ്ങി.