തിരുവല്ല: ആദ്യഘട്ടത്തിൽ ശുചിത്വ പദവി ലഭിക്കാതിരുന്ന കവിയൂർ പഞ്ചായത്തിന് ശുചിത്വ പദവി നേടിയെടുക്കാൻ കൂട്ടായ ശ്രമം തുടങ്ങി. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തംഗങ്ങളുടെ സഹകരണത്തോടെയാണ് പ്രവ‌ർത്തനങ്ങൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ ഹരിതകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ ഷിജു എം.സാംസൺ, എസ്.വി.സുബിൻ എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ ഇതിനായി തീരുമാനങ്ങളെടുത്തു. ശുചിത്വ ഗ്രാമസഭകളുടെ പഞ്ചായത്ത്‌ തല യോഗം 9ന് രാവിലെ 10ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും. രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, യൂത്ത് ക്ലബ്, സാമൂഹ്യ -സാംസ്‌കാരിക പ്രവർത്തകർ, അങ്കണവാടി -ആശ പ്രവർത്തകർ , പ്രൊമോട്ടർമാർ എന്നിവരെ പങ്കെടുപ്പിക്കും. ഓരോവാർഡിലും വാർഡ് മെമ്പർ കൺവീനറായി സ്ക്വാഡ് രൂപീകരിക്കും. സ്‌ക്വാഡ് അതാത് വാർഡുകളിൽ ഹരിത കർമ്മസേന അംഗത്തിനൊപ്പം ഭവന സന്ദർശനം നടത്തി നോട്ടീസ്, കലണ്ടർ എന്നിവ വിതരണം ചെയ്യും.

പ്രവർത്തനം ഇങ്ങനെ

.

@ അജൈവ മാലിന്യ ശേഖരണ കലണ്ടർ എല്ലാ പൊതുസ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. വസ്തുക്കളുടെ ശേഖരണ സംവിധാനങ്ങളുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ മാസത്തെ ശേഖരണ വസ്തുക്കൾ സൂക്ഷിക്കാൻ വാർഡ് തലത്തിലും പഞ്ചായത്ത്‌ തലത്തിലും താത്കാലിക ശേഖരണ സംവിധാനങ്ങൾ കണ്ടെത്തും. അടിസ്ഥാന സൗകര്യ പ്രൊജക്ടുകൾ വച്ചിട്ടുണ്ട്.

@ പച്ചത്തുരുത്ത് നടീൽ ഉദ്ഘാടനം 16ന് വൈകിട്ട് മൂന്നിന് പ്രാഥമികാരോഗ്യ കേന്ദ്രം വളപ്പിൽ നടക്കും. ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ രണ്ടാംവാർഡിലെ മാളിയേക്കൽ തോടിന്റെ രണ്ട് കിലോമീറ്റർ പുനരുജ്ജീവിപ്പിക്കും. ഉദ്ഘാടനം 20ന് രാവിലെ 11ന് നടക്കും.

@ വാതിൽപടി ശേഖരണം 20 ന് ആരംഭിക്കും. ശേഖരണ ഉദ്ഘാടനം 20ന് രാവിലെ 10.30ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിക്കും