nellu
ന​രി​ക്കു​ഴി​ ​ക​ണി​ച്ചാ​ടി​യി​ൽ​ ​മ​നോ​ജി​ന്റെ​ ​പാ​ട​ശേ​ഖ​ര​ത്തി​ലെ​ ​നെ​ല്ല് ​കാ​ട്ടു​പ​ന്നി​ ​ന​ശി​പ്പി​ച്ച​ ​നി​ല​യിൽ

വള്ളിക്കോട് : വിളഞ്ഞ് കിടക്കുന്ന നെൽപ്പാടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം. രാത്രിയിൽ കൂട്ടമായി എത്തുന്ന പന്നികൾ നെല്ല് കടിച്ചെടുത്തും നിലത്ത് കിടന്നുരുണ്ടും വിഹരിക്കുകയാണ്. പാടങ്ങളുടെ അതിര് തിരിച്ചിരിക്കുന്ന മുരുപ്പുകളും പന്നികൾ കുത്തിമറിച്ചു.

വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കുന്ന കർഷകർ കഷ്ടപ്പാടിലാണ്.

വള്ളിക്കാേട് പഞ്ചായത്തിലെ 75 ഹെക്ടറിലേറെ സ്ഥലത്ത് കൃഷി ചെയ്ത നെല്ലാണ് പന്നികൾ നശിപ്പിച്ചത്. പ്രദേശത്തെ 40ലേറെ കർഷകരുടെ ദീർഘ നാളത്തെ അദ്ധ്വാനമാണിത്. കൊടുമൺ പ്ളാന്റേഷനിൽ നിന്ന് എത്തുന്ന പന്നികളാണ് പാടങ്ങളിൽ ഇറങ്ങുന്നത്. കതിരിന്റെ അരവും തണുപ്പുമാണ് പന്നികൾ പാടങ്ങളിലേക്ക് ആകർഷിക്കാൻ കാരണം.

കാട്ടുപന്നി ശല്യത്തിനെതിരെ പഞ്ചായത്തിലും കൃഷിഭവനിലും പാടശേഖര സമിതി പരാതി നൽകിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല.

'' മനുഷ്യനും കൃഷിക്കുമല്ല, കാട്ടുപന്നികൾക്കാണ് സർക്കാരിന്റെ സംരക്ഷണം - 30 വർഷമായി നെൽകൃഷി ചെയ്യുന്ന മൊട്ടയ്ക്കാട് വീട്ടിൽ ദേവരാജൻ പന്നികൾ നശിപ്പിച്ച നെല്ല് കൈയിലെടുത്ത് രോഷംകൊണ്ടു.

രണ്ടാഴ്ചയ്ക്കുള്ളിൽ കൊയ്ത് മാറ്റാൻ പ്രായമായ നെല്ലാണിത്. കൊയ്ത്ത് യന്ത്രം ഇറക്കുന്നതിന് മണിക്കൂറിന് 2000 രൂപ വീതം കർഷകർ വാടക നൽകണം.

'' ഇനിയുള്ളത് കൊയ്ത് എടുത്താൽ ചെലവ് കാശ് തികയില്ല. കൃഷിയിറക്കുമ്പോൾ ഒരു കർഷകന് കുറഞ്ഞത് 50,000 രൂപ ചെലവാകും. വിദ്യാഭവനിൽ മനോജ് പറയുന്നു. പൂട്ടുകൂലി, കളപറിക്കൽ, വളം ചെയ്യൽ ഇങ്ങനെയാണ് ചെലവുകൾ.

മണ്ണിൽ വീട്ടിൽ ജയശ്രീ മുപ്പത് വർഷമായി സ്വന്തം കണ്ടത്തിലും പാട്ടത്തിനെടുത്തും നെൽകൃഷി ചെയ്യുകയാണ്. ഇത്തവണ കാട്ടുപന്നികൾ വലിയ നഷ്ടമുണ്ടാക്കിയെന്ന് അവർ പറഞ്ഞു.

കർഷകർ നെല്ല് സ്വന്തം ആവശ്യത്തിന് എടുത്ത ശേഷം ബാക്കി സപ്ളൈക്കോയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. കിലോയ്ക്ക് 28രൂപയാണ് ഇത്തവണത്തെ വില. പക്ഷെ, ഇത്തവണ സ്വന്തം ആവശ്യത്തിന് പോലും തികയില്ല.

150 ഹെക്ടറിൽ നെൽകൃഷി ചെയ്യുന്ന വളളിക്കോട് പഞ്ചായത്ത് കൊടുമണ്ണിനൊപ്പം നെല്ലുൽപ്പാദനത്തിൽ മുന്നിലാണ്. വേട്ടകുളം, നടുവത്തൊടി, കായല് കല്ല് പാടശേഖരങ്ങളിലും കാട്ടുപന്നിശല്ല്യമുണ്ട്.

>>>

'' കാട്ടുപന്നികളെ തുരത്താൻ സർക്കാർ നടപടിയെടുക്കണം.

കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകണം -

കോമളൻ, നരിക്കുഴി പാടശേഖര സമിതി സെക്രട്ടറി.

'' നഷ്ടപരിഹാരം നേടിക്കൊടുക്കാൻ സർക്കാരിനെ സമീപിക്കും. കൃഷിയിടങ്ങളിലെ സംരക്ഷിത വേലി നെൽകൃഷി മേഖലയിൽ നടപ്പാക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കും.

ആർ.മോഹനൻ നായർ,

വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്