
പത്തനംതിട്ട: കവയിത്രി സുഗതകുമാരിയുടെ ഓർമയ്ക്കായി `സുഗതവനം' നിർമ്മിക്കാൻ മുന്നിട്ടിറങ്ങി ജന്മനാട്. ജന്മഗൃഹമായ വാഴ്വേലിൽ തറവാട് സ്ഥിതി ചെയ്യുന്ന ആറന്മുളയിലെ നാട്ടുകാരാണ് സ്കൂളുകളിലും തരിശ് കിടക്കുന്ന സ്ഥലങ്ങളിലും സുഗതവനം എന്ന പേരിൽ മരങ്ങൾ നട്ട് വളർത്താൻ പദ്ധതി ഒരുക്കുന്നത്. അട്ടപ്പാടിയിൽ സുഗതകുമാരി തരിശ് നിലത്ത് വളർത്തിയെടുത്ത കൃഷ്ണ വനമാണ് പ്രചോദനം. സർക്കാരിന്റെ സഹായത്തോടെ കേരളമാകെ നടപ്പാക്കാനാണ് ശ്രമം. സുഗതകുമാരിയുടെ മരണത്തിന് ശേഷം തിരുവനന്തപുരത്തെ വീട്ടിൽ ചേർന്ന യോഗത്തിലാണ് ആശയം ഉരുത്തിരിഞ്ഞത്. സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ്, സൂര്യാ കൃഷ്ണമൂർത്തി, ആർക്കിടെക്ട് ജി.ശങ്കർ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തിരുന്നു.
" അമ്മയുടെ സ്നേഹം പോലെയാണ് ആറന്മുളക്കാർക്ക് സുഗതകുമാരി. എൺപത്തിനാലാം പിറന്നാളിന് ഞങ്ങൾ ആറന്മുളയിൽ എൺപത്തിനാല് മരം നട്ടിരുന്നു. സുഗതകുമാരിയുടെ മരണത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന കൂട്ടായ്മയിലെ ആശയം പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. "
പി. വിജയകുമാർ മുളയ്ക്കൽ,
കൂട്ടായ്മയിലെ അംഗം
സുഗതകുമാരിയുടെ വാക്കുകൾ
"മരങ്ങൾ നടുന്നതിൽ സന്തോഷമുണ്ട്. പാല, ഇലഞ്ഞി , കായ്കനികൾ ഉള്ള മരങ്ങൾ എന്നിവ വേണം നടാൻ. സുഗന്ധം വേണം. കിളികൾക്കും മറ്റും ഇരിക്കാനും കഴിക്കാനും കഴിയണം. വെറുതേ നടരുത്, അവ സംരക്ഷിക്കണം. "
ആറന്മുളയും സുഗതകുമാരിയും
ആറന്മുളയുടെ പരിസ്ഥിതിയ്ക്കായി നിലകൊണ്ട സുഗതകുമാരിയെ നാട്ടുകാർക്ക് മറക്കാനാവില്ല. സൈലന്റ് വാലിയ്ക്ക് ശേഷം പ്രകൃതിയ്ക്കായി നടത്തിയതായിരുന്നു ആറൻമുള വിമാനത്താവള പദ്ധതിക്കെതിരായ പ്രക്ഷോഭം. 102 ദിവസത്തെ സത്യാഗ്രഹത്തിൽ രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ നേതാക്കളും പങ്കെടുത്തിരുന്നു. ഒടുവിൽ, തീരുമാനം സർക്കാർ റദ്ദാക്കി.