council
നഗരസഭാ കൗൺസിലർമാർ പത്തനംതിട്ട വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചപ്പോൾ

പത്തനംതിട്ട :പത്തനംതിട്ട നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ സതീദേവിയെ തടഞ്ഞുവച്ചു.

സ്ഥലത്തില്ലായിരുന്ന എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരികുമാർ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഒരാഴ്ചക്കുള്ളിൽ പ്രശ്‌ന പരിഹാരത്തിന് ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

ജലവിതരണത്തിൽ കാലതാമസം ഉണ്ടാകാതിരിക്കാൻ ഇടപെടും. ആവശ്യമെങ്കിൽ വിതരണത്തിലെ സമയ ക്രമീകരണത്തിൽ മാറ്റം വരുത്തുന്നതിനെകുറിച്ചും ആലോചിക്കും.
മുൻനഗരസഭാ ചെയർമാൻ എ. സുരേഷ് കുമാർ ,യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി ,എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പികെ. അനീഷ് ,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.ആർ .അജിത് കുമാർ ,ജെറി അലക്‌സ് , ഇന്ദിരാമണി, ഷെമീർ

തുടങ്ങിയവർ പങ്കെടുത്തു.

കുടിവെള്ള വിതരണം നഗരസഭയുടെ അധീനതയിലല്ല. പക്ഷേ വെള്ളം കിട്ടാത്തതിന് ജനങ്ങൾ തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്ന് കൗൺസിലർമാർ പറഞ്ഞു.

അനാസ്ഥയെന്ന് ജനം

നഗരസഭാ പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പരാതിപ്പെട്ടാൽ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ള ക്ഷാമമുള്ള സ്ഥലത്ത് പരിശോധനയ്ക്ക് പോകാൻ വാട്ടർ അതോറിറ്റിയിൽ ആരുമില്ല. ഫീൽഡ് പരിശോധനയ്ക്ക് ഓവർസിയർമാർ ഇല്ലെന്ന് അധികൃതരും സമ്മതിക്കുന്നു.

ഉപഭോക്താക്കൾ കൂടിയതാണ് ജലക്ഷാമത്തിന് കാരണമെന്നാണ് വാട്ടർ അതോറിറ്റിയുടെ വാദം,. എന്നാൽ രണ്ട് മാസം മുമ്പുവരെ വെള്ളം കിട്ടിക്കൊണ്ടിരുന്നിടത്തും ഇപ്പോൾ കിട്ടുന്നില്ല. പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ വൈകുന്നതാണ് പ്രധാന പ്രശ്നം.

"പൊട്ടിയ പൈപ്പുകൾ മാറ്റുന്നതിനായി റോഡ് കുഴിക്കാൻ പി.ഡബ്ല്യു.ഡി അനുമതി നൽകാൻ താമസിക്കുന്നതാണ് പൈപ്പുകളുടെ ചോർച്ച മാറ്റുന്നതിന് തടസം. ഇന്ന് മുതൽ കൂടുതൽ വെളളം തുറന്നുവിടും. ഒരാഴ്ച ഉദ്യോഗസ്ഥർ പരിശോധന നടത്തും. കിണറ്റിലേക്കും ടാങ്കുകളിലേക്കും ഹോസ് വലിച്ച് വെള്ളമെടുക്കുന്നവർക്കെതിരെ നടപടി സീകരിക്കും.

ഇ.ഇ ഹരികുമാർ

വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ

-----