
തണ്ണിത്തോട് : കല്ലാറ്റിൽ ഒരു കാലത്ത് വ്യാപകമായിരുന്നു മിസ് കേരള എന്ന മത്സ്യം. എന്നാൽ ഇന്ന് ഇവയെ നദിയിൽ കാണാനില്ല. നദിയുത്ഭവിക്കുന്ന ഉൾവനത്തിലെ രണ്ടാറ്റുംമൂഴി മുതൽ പമ്പയിൽ ചേരുന്ന വടശേരിക്കര വരെയുള്ള ഭാഗങ്ങളിൽ ഇവ സുലഭമായിരുന്നു. വിഷം കലർത്തിയുള്ള മീൻപിടുത്തവും ആവാസവ്യവസ്ഥയിലുണ്ടായ മാറ്റവുമാണ് ഇവയുടെ നാശത്തിന് കാരണമെന്നാണ് കരുതുന്നത്. നദിയുടെ അടിത്തട്ടിൽ മാത്രം കാണപ്പെടുന്ന 15 സെന്റീമീറ്റർ വരെ നീളമുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിലെ ചുവന്ന വരകളാണിതിനെ സുന്ദരിയാക്കുന്നത്. ' പുണ്ടയസ് ഡെനിസോ' എന്നാണ് ശാസ്ത്രനാമം. ചിലയിടങ്ങളിൽ ചെങ്കണ്ണിയാൻ എന്നറിയപ്പെടുന്നു.
പറങ്കിമാവിനുപയോഗിക്കുന്ന കീടനാശിനി വെള്ളത്തിൽ കലർത്തിയുള്ള മീൻപിടുത്തം കല്ലാറ്റിൽ വ്യാപകമായിരുന്നു. ഇതാണ് മിസ് കേരളയുടെ വംശനാശത്തിന് കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
കല്ലാറ്റിലെ തേക്കുതോട്, ഏഴാന്തല, തണ്ണിത്തോട്, അടവി , പേരുവാലി, കൊച്ചുതടിപന, വലിയതടിപ്പന, കുറുവ , ചേറുവാള, മക്കുവള്ളി, കടവുപുഴ, പാലയ്ക്കാമൂഴി തുടങ്ങിയ സ്ഥലങ്ങളിൽ ഒരു കാലത്ത് ഈ മത്സ്യം സുലഭമായി വളർന്നിരുന്നു.
നാട്ടിലെ സുന്ദരി
അലങ്കാര മത്സ്യവിപണിയിലെ സംസ്ഥാനത്തിന്റെ തനത് മത്സ്യം കൂടിയാണ് മിസ് കേരള. സംസ്ഥാനത്തെ നദികളിൽ നിന്ന് പ്രതിവർഷം 50,000 മിസ് കേരള മത്സ്യങ്ങളെ അലങ്കാര മത്സ്യവിപണിയിലേക്ക് കടത്തുന്നതായി കണ്ടെത്തിയിരുന്നു. പ്രത്യേകതരം കവറുകളിലാക്കി വെള്ളം നിറച്ച് വിപണിയിലെത്തിച്ചാൽ മിസ് കേരളയ്ക്ക് ജോഡിക്ക് 1500 രൂപ വരെയാണ് ലഭിക്കുക.