ചെങ്ങന്നൂർ- പമ്പാനദിയുടെ മലിനീകരണ ഉറവിടങ്ങൾ കണ്ടെത്താൻ പ്രൊവിഡൻസ് എൻജിനീയറിംഗ്‌ കോളേജിലെ അദ്ധ്യാപകർ രംഗത്ത് . ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന പമ്പാനദി കേരളത്തിലെ 50 ലക്ഷത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന മൂന്ന് ജില്ലകളിൽ കടന്നാണ് വേമ്പനാട് കായലിൽ പതിക്കുന്നത്. കുട്ടനാടൻ പുഞ്ചപാടശേഖരങ്ങൾ പമ്പാനദിയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. ഈ സ്ഥലങ്ങളിലെ കാർഷിക ആവശ്യങ്ങൾക്ക് പ്രധാനമായും പമ്പാനദിയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമവും ഈസ്ഥലങ്ങളിൽ അനുഭവപ്പെടുന്നു. സെൻട്രൽ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് (സി. ഡബ്‌ള്യൂ ആർ ഡി) ന്റെ ഒരു പഠനത്തിൽ നദികളുടെ മലിനീകരണ ക്രമത്തിൽ രണ്ടാംസ്ഥാനമാണ് പമ്പാ നദിക്കുള്ളത്. പമ്പാനദിയുടെ മലിനീകരണ ഉറവിടങ്ങൾ കണ്ടെത്തുവാനും, അവയ്ക്കു ശാശ്വത പരിഹാരം നിർദേശിക്കുന്നതിനുമാണ് ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിംഗ്‌ കോളേജിലെ ഒരുസംഘം അദ്ധ്യാപകർ പഠനം ആരംഭിച്ചത്. ഇതിനായി മാന്നാർ, കടപ്ര, നിരണം പഞ്ചായത്തുകൾ സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. പാടശേഖരങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ, രാസവളങ്ങൾ, കക്കൂസുകളിൽനിന്ന് വരുന്നമലിനജലം, മൽസ്യവില്പനക്കാർ, കേറ്ററിംഗ്ഏജൻസികൾ, കോഴിഫാം, ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് തള്ളുന്ന മാലിന്യങ്ങൾക്കൊപ്പം നദികളിൽ നേരിട്ട് തള്ളുന്ന മാലിന്യങ്ങളും നദിജലത്തെ മലിനമാക്കുന്നതായി കണ്ടെത്തി.