fake

പത്തനംതിട്ട : വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം നടപ്പാക്കുമെന്ന് ജില്ലാപൊലീസ് മേധാവി. ഇക്കാര്യത്തിൽ നടപടി എടുക്കുന്നതിന് എല്ലാ എസ്.എച്ച്.ഒ മാർക്കും നിർദേശം നൽകിയതായും വ്യാജവാർത്തകൾ പടച്ചുവിടുന്നവരെ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കുമെന്നും ജില്ലാപൊലീസ് മേധാവി പി.ബി രാജീവ് അറിയിച്ചു.
കുട്ടികളുമായി പൊതുസ്ഥലത്തു വരുന്ന രക്ഷകർത്താക്കൾക്കെതിരെ നിയമനടപടിയെടുക്കുമെന്ന വാർത്ത കഴിഞ്ഞദിവസങ്ങളായി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രക്ഷകർത്താക്കളിൽ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്നും വ്യാജവാർത്തയിൽ ഉണ്ടായിരുന്നു. വാർത്ത അടിസ്ഥാനരഹിതമാണെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും പ്രചാരകരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയതായും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതുമായ വ്യാജപ്രചാരണങ്ങൾ പരക്കെയുള്ളതിനാൽ ആളുകളെ നിജസ്ഥിതി അറിയിക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്നും എല്ലാ പൊലീസുദ്യോഗസ്ഥരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു.