
കൊടുമൺ : കൊടുമണ്ണിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല് സംസ്കരിച്ച് വിപണിയിൽ എത്തിക്കുന്ന കൊടുമൺ റൈസ് ജനപ്രിയമാകുന്നു. തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുന്നതിനും സുരക്ഷിത ഭക്ഷണം ലക്ഷ്യമിട്ടുമാണ് കൃഷിവകുപ്പും കൊടുമൺ ഗ്രാമപഞ്ചായത്തും കൊടുമൺ റൈസ് എന്ന സംരംഭത്തിന് തുടക്കമിടുന്നത്.
2019 മുതൽ ഇതുവരെ 250 ടൺ നെല്ല് സംഭരിക്കുകയും എട്ട് പ്രാവശ്യം പ്രോസസിംഗ് നടത്തുകയും 92,000 കിലോ അരി വിപണിയിലെത്തിക്കുകയും ചെയ്തു. കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി വഴിയാണ് നെല്ല് സംഭരണം നടക്കുന്നത്. കോട്ടയം ഓയിൽ പാം ഇന്ത്യയുടെ മോഡേൺ റൈസ് മില്ലിന്റെ സഹായത്തോടെ ശാസ്ത്രീയമായി നെല്ല് സംഭരിച്ച് അരിയാക്കുകയായിരുന്നു.
125 കർഷകരാണ് സംരംഭത്തിൻെ ആദ്യ നെല്ലുത്പാദകർ.
2019ലാണ് 12 ടൺ അരിയുമായി കൊടുമൺ റൈസിന്റെ ആദ്യവിപണനം. ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ നെല്ല് സംഭരണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ ജില്ലാ സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചത് മൂലധനമായി. ഉമ, ജ്യോതി നെല്ല് ഇനങ്ങളാണ് കൃഷിചെയ്യുന്നത്.
അരിയുടെ ഇനവും വിലയും
ഉമ : 10 കിലോ - 600 രൂപ
ജ്യോതി : 10 കിലോ - 650
ഇതുവരെ സംഭരിച്ച നെല്ല് : 250 ടൺ
വിപണിയിലെത്തിച്ച അരി : 92,000 കിലോ
നേതൃത്വം നൽകുന്നത് 125 കർഷകരുടെ കൂട്ടായ്മ
(കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി)