
മഞ്ഞിനിക്കര: മഞ്ഞിനിക്കര പെരുന്നാളിന് നാളെ കൊടിയേറും. മലങ്കരയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. ഏലിയാസ് തൃദ്വിയൻ ബാവായുടെ 89 മത് ദുഖ് റോനോ പെരുന്നാളാണ് നടക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പെരുന്നാൾ നടത്തുന്നതിനാൽ കാൽനട തീർത്ഥയാത്രയ മറ്റ് ആഘോഷങ്ങളും പൊതു പരിപാടികളും ഉണ്ടാകില്ല. നാളെ രാവിലെ 7ന് മഞ്ഞനിക്കര ദയറായിൽ
മോർ മിലിത്തിയോസ് യൂഹാനോൻ, മോർ മാത്യൂസ് തേവോദോസിയോസ്, മോർ കൂറിലോസ് ഗീവർഗീസ് എന്നീ മെത്രാപ്പോലീത്തമാർ മൂന്നിന്മേൽ കുർബാന നടത്തും. തുടർന്ന് കൊടിയേറ്റ്. വൈകിട്ട് ആറുമണിക്ക് ദയറാ കബറിങ്കൽ നിന്ന് പ്രാർത്ഥിച്ചു കൊണ്ടുവരുന്ന പതാക ഓമല്ലൂർ കുരിശടിയിൽ ദയറാ തലവൻ മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉയർത്തും. പെരുന്നാളിനോടനുബന്ധിച്ച് കാൽനട
തീർത്ഥാടകരെ സ്വീകരിക്കുന്ന പ്രതീകാത്മക ചടങ്ങ് നടത്തും. പ്രാർത്ഥനകളും ആരാധനകളും മുൻ പതിവ് തെറ്റിക്കാതെ ഉണ്ടാകും.
ആളുക്കൂട്ടം അനുവദിക്കില്ല. കബർ മുറിയിലേക്കു പ്രവേശിക്കാനോ കബറുകൾ മുത്തുവാനോ അനുവദിക്കില്ല. അകലം പാലിച്ച് നിശ്ചിതസമയം പ്രാർത്ഥന നടത്താം. ആരാധനാവേളയിൽ അനുവദനീയമായ എണ്ണം ആളുകൾക്ക് മാത്രമേ ദൈവാലയത്തിൽ പ്രവേശനം ഉണ്ടാവൂ.
മറ്റു സമയങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് ക്യൂവിൽ നിന്ന് പള്ളിക്കുള്ളിൽ കയറി നിശ്ചിതസമയം പ്രാർത്ഥന നടത്താം. നേർച്ചയായി ഭക്ഷണ വിതരണം അനുവദിക്കില്ല.