ground
മുറിപ്പാറ മൈതാനം നശിച്ച നിലയിൽ

ചെന്നീർക്കര: നിരവധി കായിക താരങ്ങളെ വളർത്തിയ മുറിപ്പാറ മൈതാനം ഇന്ന് കണ്ടാൽ കണ്ണ് നിറയും. കാട് കയറിയും പുല്ല് വളർന്നും മണ്ണിളകിയും മൈതാനം പ്രേതഭൂമിയായി. പഴയൊരു ഗോൾ പോസ്റ്റ് കാൽപ്പന്തുകളിയുടെ പ്രതാപകാലത്തിന്റെ ഒാർമയായി അവശേഷിക്കുന്നു. മുറിപ്പാറയിൽ കേന്ദ്രീയ വിദ്യാലയം വന്നതോടെയാണ് മൈതാനത്തിന്റെ കഷ്ടകാലം തുടങ്ങിയത്. ഗ്രാമ പഞ്ചായത്തിൽ നിന്ന് മൈതാനം കേന്ദ്രീയവിദ്യാലയത്തിന്റെ അധീനതയിലായ ശേഷം സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു.

പതിറ്റാണ്ടുകളായി ചെന്നീർക്കരയുടെയും സമീപ പഞ്ചായത്തുകളുടെയും പൊതുകളിക്കളമായിരുന്നു മുറിപ്പാറ മണ്ണ് എന്നറിയപ്പെടുന്ന മൈതാനം. ജില്ല, സംസ്ഥാന, സർവകലാശാല തലങ്ങളിൽ പ്രശസ്തരായ നിരവധി ഫുട്ബോൾ താരങ്ങൾ കളിച്ചുവളർന്നത് ഇവിടെയാണ്. സംസ്ഥാനത്തെ പ്രമുഖ ഫുട്ബോൾ ടീമുകളെ ഉൾപ്പെടുത്തി ടൂർണമെന്റുകൾ മൈതാനത്ത് നടന്നിരുന്നു.

ഗ്രാമ, ബ്ലോക്ക് തല കേരളത്സവം, സ്‌കൂളുകളുടെയും ഗ്രന്ഥശാലകളുടെയും കായിക മത്സരങ്ങൾ, ഓണഘോഷ പരിപാടികൾ എന്നിവയ്ക്കെല്ലാം വേദിയായിരുന്നു. ഡ്രൈവിംഗ് പരിശീലനത്തിനുള്ള കേന്ദ്രമായും ഈ സ്ഥലം ഉപയോഗിച്ചുപോന്നിരുന്നു.

സ്കൂൾ അധികൃതർക്ക് വേണ്ട, നാട്ടുകാർക്ക് വേണം

കേന്ദ്രീയ വിദ്യാലയത്തെ നാട് ഇരുകയ്യും നീട്ടി സ്വീകിരിച്ചതാണ്. പക്ഷെ, മൈതാനം സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള വിദ്യാലയം അധികൃതർ വരും തലമുറയുടെ കായിക സ്വപ്നങ്ങളെ തകർക്കുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. മൈതാനം കേന്ദ്രീയ വിദ്യാലയത്തിന്റെ മതിൽക്കെട്ടിനുള്ളിലായെങ്കിലും തങ്ങൾക്ക് കളിസ്ഥലമായി ഉപയോഗിക്കാൻ കഴിയുമെന്നായിരുന്നു പ്രദേശവാസികളുടെ പ്രതീക്ഷ.

സ്കൂൾ സമയത്തിന് ശേഷം മൈതാനം പ്രദേശവാസികൾക്കും ഉപയോഗിക്കാൻ അനുമതി തേടി നിവേദനം നൽകിയിരിക്കുകയാണ് നാട്ടുകാർ.

'' മൈതാനം ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണം. പുതിയ തലമുറയിലെ കളിക്കാരിലൂടെ ചെന്നീർക്കരയുടെ പഴയ കായിക മികവ് തിരിച്ചുപിടിക്കണം.

ജി.വിനേഷ്, പ്രദേശവാസി.

'' മൈതാനം സ്കൂൾ സമയം കഴിഞ്ഞ് നാട്ടുകാരുടെ കളി സ്ഥലമാക്കാൻ കേന്ദ്രീയ വിദ്യാലയം അധികൃതരുടെ അനുമതി തേടും.

ജോർജ് തോമസ്,

ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്